ബിനോയ്ക്കെതിരെ പീഡനക്കേസ്: ബിനോയുടെ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തേക്കും

തിരുവനന്തപുരം: ബിഹാര്‍ സ്വദേശി യുവതിക്കെതിരെ ബിനോയ് കോടിയേരിയുടെ പരാതി നേരത്തെ ലഭിച്ചിരുന്നെന്ന് സ്ഥിരീകരണവുമായി കണ്ണൂര്‍ പോലീസ്. എന്നാൽ ആഴ്ചകൾക്ക് മുൻപ് ബിനോയ് നൽകിയ പരാതിയിൽ കേസടക്കമുള്ള തുടര്‍ നടപടികൾക്ക് ഇത് വരെ പൊലീസ് തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനിടെയാണ് ലൈംഗിക പീഡനവും വഞ്ചനയും അടക്കം ഗുരുതര വകുപ്പുകൾ ഉൾപ്പെടുത്തി യുവതി ബിനോയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

മെയ് മാസം കണ്ണൂർ റെയ്ഞ്ച് ഐജിക്കാണ് ബിനോയ് കോടിയേരി പരാതി നൽകിയത്. യുവതി ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് കത്ത് അടക്കമാണ് ബിനോയ് കോടിയേരി പരാതി നൽകിയതെന്നും പരിശോധിച്ച് തുടർ നടപടിക്ക് കണ്ണൂർ എസ്പിക്ക് കൈമാറിയിരുന്നു എന്നുമാണ് കണ്ണൂര്‍ പൊലീസ് വിശദീകരിക്കുന്നത്.

ബിനോയ് നൽകിയ പരാതിക്ക് പകരമാണ് യുവതിയുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം യുവതി അയച്ച കത്ത് അടക്കം ബിനോയ് നൽകിയ തെളിവുകൾ ചേര്‍ത്ത് കേരളാ പൊലീസ് അധികം വൈകാതെ യുവതിക്കെതിരെ കേസ് എടുക്കുമെന്നാണ് വിവരം.

അതേസമയം പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ലെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നുമാണ് സിപിഎം കേന്ദ്രനേതൃത്വം പ്രതികരിച്ചത്. ബിനോയ്‌ക്കെതിരെ നിലവില്‍ വന്ന കേസിന് പാര്‍ട്ടിയുമായി ബന്ധമുള്ളതല്ലെന്നും വ്യക്തിപരമായ കേസ് വ്യക്തികള്‍ തന്നെ നേരിടണമെന്ന നിലപാടുമാണ് ഇപ്പോള്‍ കേന്ദ്രനേതൃത്വം സ്വീകരിച്ചത്.

പരാതി ബ്ലാക്ക് മെയിലിങ്ങെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. ഇവര്‍ തനിക്കെതിരെ നേരത്തേയും പരാതി നല്‍കിയിട്ടുണ്ട്. അഭിഭാഷകനുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കോടിയേരി വ്യക്തമാക്കി.