ബിനോയ്‌ക്കെതിരായ പീഡനകേസ്; പാർട്ടി ഇടപെടില്ലെന്ന് കേന്ദ്ര നേതൃത്വം

ഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ലെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നുമാണ് കേന്ദ്രനേതൃത്വം പ്രതികരിച്ചത്.

ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ അത് എന്താണെന്ന് പാര്‍ട്ടി പരിശോധിക്കും. കേസിൽ സിപിഎം ഇടപെടില്ല. ആരോപണ വിധേയർ തുടര്‍ നടപടികൾ സ്വയം നേരിടുമെന്നും കേന്ദ്ര നേതാക്കൾ പ്രതികരിച്ചു.

നേരത്തെ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ സി.പി.ഐ.എം കേന്ദ്രനേതൃത്വം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണനില്‍ നിന്നും വിശദീകരണം തേടിയിരുന്നു.

കേസില്‍ കോടിയേരി മധ്യസ്ഥ ചര്‍ച്ചകള്‍ ഉള്‍പ്പെടെ നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു പാര്‍ട്ടി വിശദീകരണം ചോദിച്ചത്. പാര്‍ട്ടിയ്ക്കകത്തും കോടിയേരി വിശദീകരണം നല്‍കിയിരുന്നു. ബിനോയ് കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ സി.പി.ഐ.എം കേന്ദ്രനേതൃത്വത്തിനും അന്ന് പരാതി ലഭിച്ചിരുന്നു.

എന്നാല്‍ ബിനോയ്‌ക്കെതിരെ നിലവില്‍ വന്ന കേസിന് പാര്‍ട്ടിയുമായി ബന്ധമുള്ളതല്ലെന്നും വ്യക്തിപരമായ കേസ് വ്യക്തികള്‍ തന്നെ നേരിടണമെന്ന നിലപാടുമാണ് ഇപ്പോള്‍ കേന്ദ്രനേതൃത്വം സ്വീകരിച്ചത്.

എന്നാൽ പരാതി ബ്ലാക്ക് മെയിലിങ്ങെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. ഇവര്‍ തനിക്കെതിരെ നേരത്തേയും പരാതി നല്‍കിയിട്ടുണ്ട്. അഭിഭാഷകനുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കോടിയേരി വ്യക്തമാക്കി.