ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണം; ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൂത്തമകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈയിൽ നിന്ന് ലൈംഗികാരോപണം. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടുവയസുള്ള പെണ്‍കുട്ടിയുണ്ടെന്നും കാട്ടി യുവതി അന്ധേരി ഓഷിവാര പോലീസില്‍ പരാതി നല്‍കി. ഡാൻസ് ബാ‍‌ർ ജീവനക്കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ബീഹാര്‍ സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയായ യുവതിയുടെ പരാതിയിൽ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തു. ഡാന്‍സ് ബാറിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയിയെ പരിചയപ്പെടുന്നത് അവിടെവെച്ചാണെന്നും, ജോലി ഉപേക്ഷിച്ചാല്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. മൊബൈല്‍ വഴിയാണ് ആദ്യം ബിനോയിയെ പരിചയപ്പെടുന്നത്.

ബിനോയിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2009 നവംബറില്‍ ഗര്‍ഭിണിയായെന്നും തുടര്‍ന്ന് മുംബൈയിലെത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാപിതാക്കള്‍ക്കും ബിനോയ് ഉറപ്പുനല്‍കിയിരുന്നു. 2010 ല്‍ അന്ധേരിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് അവിടെ താമസിപ്പിച്ചു. ബിനോയ് പതിവായി അവിടെ വന്നുപോകും. എല്ലാമാസവും പണം അയച്ചുതന്നിരുന്നു. എന്നാല്‍ 2015 ലാണ് തന്നെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയത്. 2018 ലാണ് ബിനോയ് വിവാഹിതനാണെന്ന് മനസിലാക്കുന്നതെന്നും യുവതി പറയുന്നു. ഇത് ചോദിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിച്ചു. താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി.

ബിനോയിക്കെതിരെ ഐപിസി സെക്ഷന്‍ 376, 376(2), 420,504,506 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പില്‍ വരുന്നത്. ഏറെ വര്‍ഷം മുമ്പുള്ള കാര്യമായതിനാല്‍ കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്നാണ് പോലീസിന്റെ നിലപാട്.