അമ്മയ്‌ക്കെതിരെ കമലിന്റെ പരാമര്‍ശനം: പരാതിയുമായി മുതിര്‍ന്ന താരങ്ങള്‍

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരേ മന്ത്രി എ.കെ. ബാലന് പരാതി നല്‍കി മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കള്‍. താരസംഘടനയായ ‘അമ്മ’യില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കമല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതി. ചലചിത്ര താരങ്ങളായ മധു, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, ജനാര്‍ദ്ദനന്‍ എന്നിവരാണ് മന്ത്രിക്ക് പരാതിക്കത്ത് നല്‍കിയത്.

500 ലേറെ അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേര്‍ മാത്രമേ സജീവമായി അഭിനയരംഗത്തുള്ളൂവെന്നും അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരാണെന്നുമായിരുന്നു കമലിന്റെ വിവാദപരമായ പരാമര്‍ശം. മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീവിരുദ്ധമാണെന്നും മഹാന്‍മാരെന്ന് നമ്മള്‍ കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്മാരുമെല്ലാം ഇതിന് ഉത്തരവാദികളാണെന്നും അതില്‍ ഒരിക്കലും ജനാധിപത്യം ഉണ്ടാകില്ലെന്നും  കമല്‍ പറഞ്ഞിരുന്നു. ഇത് 35 വര്‍ഷത്തെ തന്റെ അനുഭവത്തില്‍ നിന്ന് തിരിച്ചറിഞ്ഞതാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.