തിരികെ മടങ്ങിയില്ലെങ്കിൽ ശിവകുമാറിനെ അറസ്റ്റ് ചെയ്യും; ഹോട്ടൽ പരിസരത്ത് നിരോധനാജ്ഞ

മുംബൈ: കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിന്റെ 500 മീറ്റർ പരിധിയിൽ മുംബൈ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന പൊവെയ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ. വിമതരെ അനുനയിപ്പിക്കാനായി എത്തിയ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തിയിരുന്നു.

ഇതേതുടർന്ന് ശിവകുമാറിനെ പൊലീസ് തടഞ്ഞിരുന്നു. ശിവകുമാറും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഇവരില്‍ നിന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ശിവകുമാറിനെ തടഞ്ഞത്.

ജനജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ജൂലൈ ഒമ്പത് മുതല്‍ 12 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലുപേരില്‍ കൂടുതല്‍ ആളുകള്‍ പ്രദേശത്ത് സംഘം ചേരുന്നത് ഇതുപ്രപകാരം നിരോധിച്ചു.

ഡി.കെ ശിവകുമാറിനെതിരെ ഹോട്ടലിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. ഇതിന് പിന്നാലെ മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശിവകുമാറിന് പിന്തുണയുമായി രംഗത്ത് വന്നു.

ഇതേ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് വിവരം. അതേസമയം ഡി.കെ. ശിവകുമാറിനോട് തിരികെ പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. തിരികെ പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.