കവളപ്പാറയിലെ തെരച്ചിൽ ഇന്നുകൂടി തുടരും

കവളപ്പാറ: കവലപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ചൊവ്വാഴ്‌ച താൽക്കാലികമായി അവസാനിപ്പിക്കും. പോത്ത്കല്ല് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം. മണ്ണിനടിയിലായ 59 പേരിൽ 11 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

മഴ മാറിയശേഷം രണ്ടാഴ്ച കഴിഞ്ഞ് ആളുകളെ കണ്ടെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വീണ്ടും തെരച്ചിൽ നടത്തും. കാണാതായവരുടെ ബന്ധുക്കളുടെകൂടി അഭിപ്രായം പരിഗണിച്ചാണ്‌ തെരച്ചിൽ നിർത്താൻ തീരുമാനിച്ചത്.

ചൊവ്വാഴ്‌ചയും കാണാതായവരെ കണ്ടെത്തിയില്ലെങ്കിൽ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി കുടുംബങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് കലക്ടർ ജാഫർ മാലിക് പറഞ്ഞു. പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ മണ്ണുമാന്തി യന്ത്രങ്ങൾ കൃത്യമായി പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്.