രാജമലയില്‍ തിരച്ചില്‍ തുടരുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജമലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. അവിടെ ഹൃദയഭേദകമായ രംഗങ്ങളാണ്. ഒറ്റയടിക്ക് ഇല്ലാതായിപ്പോയവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്കരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അതിവേഗം നടക്കുന്നു. മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കും.
മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം അടിയന്തര ആശ്വാസം ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ എല്ലാ ചികിത്സയും സര്‍ക്കാര്‍ ചെലവില്‍ നടത്തും. പ്രകൃതിദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടുപോയവരാണ് അവര്‍. അവരെ സംരക്ഷിക്കാനും ആ കുടുംബങ്ങള്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തില്‍ അത്താണിയാവാനും സര്‍ക്കാര്‍ ഒപ്പമുണ്ടാകും.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവര്‍ അവിടെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
78 പേരാണ് ദുരന്തത്തില്‍ പെട്ടത്. 12 പേരെ രക്ഷപ്പെടുത്താനായി. 26 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി കഠിന പരിശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും രാവിലെ തന്നെ പുനരാരംഭിച്ചു. എന്‍ഡിആര്‍എഫിന്‍റെ രണ്ടു ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പൊലീസ്, ഫയര്‍ഫോഴ്സ് സേനാംഗങ്ങളും തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുമുണ്ട്. ഇവരുടേതെല്ലാം സുത്യര്‍ഹമായ സേവനമാണ്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് വെള്ളമൊഴുക്ക് നിലനില്‍ക്കുന്നതിനാല്‍ ചതുപ്പ് രൂപപ്പെട്ടിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. രാജമലയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയില്‍ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും കിടക്കുകയാണ്. വലിയ വാഹനങ്ങള്‍ ദുരന്തമുഖത്ത് എത്തിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നു.