എസ്.സി.എസ്.റ്റി കേസ്; പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ഡല്‍ഹി: പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമപ്രകാരമുള്ള കേസുകളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനോ, പ്രോസിക്യൂട്ട് ചെയ്യാനോ പാടില്ലെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

കേന്ദ്ര സര്‍ക്കാരും കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളും ചേര്‍ന്നാണ് ഹര്‍ജിസമര്‍പ്പിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി വിധി പട്ടികജാതി നിയമത്തില്‍ വലിയ ആശയകുഴപ്പം ഉണ്ടാക്കിയിരുന്നു എന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചിരുന്നു. കേസിലെ വിധിയില്‍ വ്യക്തത വരുത്തി പുതിയ ഉത്തരവ് ഇറക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു.

പ്രാഥമിക പരിശോധനയില്ലാതെ പട്ടികജാതി നിയമപ്രകാരമുള്ള കേസുകളില്‍ അറസ്റ്റോ, പ്രോസിക്യൂഷന്‍ നടപടികളോ പാടില്ലെന്ന സുപ്രീംകോടതിയുടെ വിധി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും ഹര്‍ജി നല്‍കിയത്.