സൗദി അറേബ്യയില്‍ രാജകുമാരനെ സ്ഥാനഭ്രഷ്ടനാക്കി; നടപടി ശബ്ദസന്ദേശം പുറത്തുവന്നതിന് തൊട്ടുപിന്നാലെ

ജിദ്ദ : റിയാദില്‍ 11 രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതിനെതിരെ രംഗത്തെത്തിയ പ്രിന്‍സ് അബ്ദുള്ള ബിന്‍ സൗദിനെ സ്ഥാനഭ്രഷ്ടനാക്കി. മറൈന്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ അദ്ധ്യക്ഷ സ്ഥാനത്തുനിന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്.11 രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതില്‍ സൗദി ഭരണകൂടം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

രാജകുടുംബാംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചെന്നാരോപിച്ച് 11 രാജകുമാരന്‍മാര്‍ സര്‍ക്കാര്‍ അധീനതയിലുള്ള കൊട്ടാരത്തില്‍ പ്രതിഷേധിച്ചതിനാണ് അറസ്റ്റെന്നായിരുന്നു സര്‍ക്കാരിന്റെ അറിയിപ്പ്. എന്നാല്‍ ഈ വിശദീകരണം തള്ളിയാണ് പ്രിന്‍സ് അബ്ദുള്ള ബിന്‍ സൗദ് രംഗത്തെത്തിയത്. പണത്തിനും ആഡംബരത്തിനും വേണ്ടിയാണ് 11 രാജകുമാരന്‍മാര്‍ സമരം ചെയ്തതെന്ന വാദം അടിസ്ഥാന രഹിതമാണെന്നും സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലെന്നും സൗദ് വ്യക്തമാക്കി.അവര്‍ ബന്ധുക്കള്‍ക്കൊപ്പം കൊട്ടാരത്തില്‍ എത്തിയതായിരുന്നു. എന്നാല്‍ അവരെ ഗാര്‍ഡുമാര്‍ തടഞ്ഞു.

ഇതോടെ കശപിശയുണ്ടായി.ഇതിന്റെ പേരിലാണ് രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രിന്‍സ് സൗദിന്റെ ഓഡിയോ സന്ദേശം.രാജ്യത്തെ ഏറ്റവും മികച്ച യുവാക്കളാണ് അറസ്റ്റിലായവര്‍. അവര്‍ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും ഇക്കാര്യങ്ങള്‍ തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയത്.എന്നാല്‍ രാജകുടുംബത്തെ ലക്ഷ്യമിട്ടുള്ള സൗദി സര്‍ക്കാരിന്റെ മുന്‍ അറസ്റ്റ് നടപടികള്‍ക്കും മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നയീഫിന്റെ തിരോധാനത്തിനും എതിരെ പ്രതിഷേധിച്ചതിനാണ് രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.