സൗദി കൊട്ടാരത്തില്‍ തമ്മിലടി; രാജകുമാരന്‍മാര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ ഭരണകൂടം തുടരുന്ന കടുത്ത ചെലവ് ചുരുക്കല്‍ നടപടിയില്‍ അമര്‍ഷം പുകയുന്നു. രാജകുടുംബങ്ങള്‍ക്കിടയില്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധം ശക്തിപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ അനുവദിച്ചിരുന്ന ഇളവുകള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് സമരം നടത്താന്‍ രാജകുമാരന്‍മാര്‍ ഒത്തുചേര്‍ത്തു. ഇവരില്‍ ചിലരെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദി അറേബ്യയിലെ വാര്‍ത്താ വെബ്സൈറ്റായ സബ്ഖ് ഡോട്ട് ഓര്‍ഗ് ആണ് ഈ സംഭവം പുറത്തുവിട്ടിരിക്കുന്നത്. രാജകുടുംബാംഗങ്ങള്‍ക്കിടയില്‍ രാജാവിനും മറ്റു മന്ത്രിമാര്‍ക്കുമെതിരേ അമര്‍ഷം ശക്തിപ്പെടുന്നുവെന്ന സൂചനകാണിപ്പോള്‍ പുറത്തുവരുന്നത്. പരിഹാരത്തിന്റെ ഭാഗമായി ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിട്ടിരിക്കുകയാണ് രാജാവ്.

റിയാദിലെ കൊട്ടാരത്തില്‍ പ്രതിഷേധത്തതിന്റെ ഭാഗമായി ഒത്തുചേര്‍ന്ന രാജകുമാരന്‍മാരെയാണ് അറസ്റ്റ് ചെയ്തത്. 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ നടപ്പാക്കി വരികയാണ്.

രാജകുമാരന്‍മാര്‍ക്ക് ഇതുവരെ നിരവധി ഇളവുകള്‍ ലഭിച്ചിരുന്നു. ഇവരുടെ ഉപഭോഗത്തിന്റെ ഭാഗമായി വരുന്ന എല്ലാ ചെലവുകളും സര്‍ക്കാരാണ് വഹിച്ചിരുന്നത്. എന്നാല്‍ ഇത് നിര്‍ത്തലാക്കി പുതിയ ഉത്തരവ് വന്നിട്ടുണ്ട്. അതാണ് രാജകുമാരന്‍മാരെ ചൊടിപ്പിച്ചത്.

വെള്ളക്കരം, വൈദ്യുതി ബില്ല് തുടങ്ങിയ എല്ലാ ചെലവുകള്‍ക്കും വരുന്ന ബില്ല് ഇനി രാജകുമാരന്‍മാര്‍ സ്വന്തമായി അടയ്ക്കണം. പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നിര്‍ദേശം എല്ലാ വകുപ്പുകളിലും നിലവില്‍ വന്നുകഴിഞ്ഞു. ഇതോടെയാണ് രാജാവിനും സര്‍ക്കാരിനുമെതിരേ പ്രതിഷേധിക്കാന്‍ രാജകുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നത്.

റിപ്പോര്‍ട്ടിനോട് രാജകുടുംബത്തിലേയോ സര്‍ക്കാരിലേയോ പ്രമുഖര്‍ പ്രതികരിച്ചിട്ടില്ല. ഇതുവരെ നല്‍കിയിരുന്ന നിരവധി സബ്സിഡികള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. മാത്രമല്ല, മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുകയും ചെയ്തു. ശമ്പളത്തിന് പുറമെ രാജകുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരുന്ന തുകയും വെട്ടിക്കുറച്ചിട്ടുണ്ട്.

റിയാദിലെ ചരിത്ര പ്രാധാന്യമുള്ള കൊട്ടാരമായ ഖസ്റുല്‍ ഹുഖുമിലാണ് രാജകുമാരന്‍മാര്‍ പ്രതിഷേധിക്കാന്‍ ഒത്തുചേര്‍ന്നത്. രാജകുടുംബാംഗങ്ങളുടെ ആനുകൂല്യങ്ങള്‍ കുറച്ചുക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. രാജകുടുംബത്തില്‍ വധശിക്ഷക്ക് വിധിച്ച ഒരു വ്യക്തിക്ക് നഷ്ടപരിഹാരം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

11 രാജകുമാരന്‍മാരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ സമരത്തില്‍ നിന്ന് പിന്‍മാറാത്ത സാഹചര്യത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. പ്രതിഷേധിക്കുവരെ അറസ്റ്റ് ചെയ്യാന്‍ രാജകല്‍പ്പന പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ രാജകുമാരന്‍മാരെ അല്‍ ഹയിര്‍ ജയിലിലേക്ക് മാറ്റിയെന്നും പേര് വെളിപ്പെടുത്താത്ത രാജകുടുംബാംഗങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇവര്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയെ കുറിച്ച് ചില സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. നിയമത്തിന് മുമ്പില്‍ എല്ലാവരും സമന്‍മാരാണെന്നതാണ് പുതിയ അറസ്റ്റോടെ വ്യക്തമാകുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അറബി പത്രമായ ഒക്കാസും സമാനമായ വാര്‍ത്ത നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ നവംബറില്‍ അഴിമതി ആരോപിച്ച് 11 രാജകുമാരന്‍മാരെ സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും അത്ര തന്നെ രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തുവെന്നാണ് വാര്‍ത്ത. രാജകുടുബത്തില്‍ തന്നെ ഭരണകൂടത്തിന്റെ നടപടികളില്‍ അമര്‍ഷമുണ്ടെന്ന സൂചനകളാണ് വരുന്നത്.
അതേസമയം, പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ശമ്പളം വര്‍ധിപ്പിച്ച് രാജാവ് ഉത്തരവിട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കി വരുന്ന ആനുകൂല്യങ്ങളില്‍ വര്‍ധനവ് വരുത്തിയാണ് മൊത്തം ശമ്പളം വര്‍ധിപ്പിച്ചത്. എന്നാല്‍ നേരത്തെ ഇത്തരത്തില്‍ വര്‍ധിപ്പിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ നാമമാത്ര വര്‍ധനവാണിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ 1000 റിയാല്‍ വര്‍ധിപ്പിച്ചു. യമന്‍ അതിര്‍ത്തിയില്‍ സേവനമനുഷ്ടിക്കുന്ന സൈനികര്‍ക്ക് 5000 റിയാല്‍ നല്‍കാനും സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ആനുകൂല്യങ്ങളും ശമ്പളവും വര്‍ധിക്കുന്നത് വഴി മൊത്തം എത്രയാണ് പുതിയ ചെലവ് വരുന്നതെന്ന് ഉത്തരവില്‍ വ്യക്തമല്ല. 11.8 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 12.3 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പുതിയ വര്‍ധനവിന്റെ ഗുണം ലഭിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ആഗോള വിപണയില്‍ എണ്ണയ്ക്ക് വില കുറഞ്ഞ പശ്ചാത്തലത്തില്‍ മറ്റു വരുമാനങ്ങള്‍ വര്‍ധിപ്പിക്കാനും ചെലവ് ചുരുക്കാനും സൗദി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അഞ്ച് ശതമാനം വാറ്റ് നടപ്പാക്കിയതും ഇളവുകള്‍ വെട്ടിക്കുറച്ചതും.