ബിജെപിയുടെ കളി പെരിയാറിനോട് വേണ്ട; കളിമാറുമെന്ന് തമിഴ് മക്കള്‍

ത്രിപുരയിലെ ലെനിന്‍ പ്രതിമ തകര്‍ത്തതിന് പിന്നാലെ തമിഴ്നാട്ടിലെ പെരിയാര്‍ പ്രതിമ തകര്‍ക്കുമെന്ന് ആഹ്വാനം ഉണ്ടായി. തമിഴ്‌നാട് ബിജെപി നേതാവായ എച്ച്. രാജയുടെ പ്രഖ്യാപനത്തിന് പിന്നാലെ തമിഴ്നാട്ടിലെ പെരിയാര്‍ പ്രതിമയ്ക്ക് നേരെ ആക്രമണവും കേടുപാടുകളും ഉണ്ടായി.

ഇപ്പോഴിതാ, എച്ച്. രാജയ്‌ക്കെതിരെ ആഞ്ഞടിച്ച് നടന്‍ സത്യരാജ്. എച്ച് രാജയ്ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം മാപ്പ് പറയണമെന്നും സത്യരാജ് ആവശ്യപ്പെട്ടു. പെരിയാര്‍ എന്നത് തമിഴ്‌നാട്ടുകാര്‍ക്ക് ഒരു രൂപം മാത്രമല്ല, ഞങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന തത്വവും സിദ്ധാന്തവുമാണ്. പെരിയാറിന്റെ പ്രതിമ തകര്‍ക്കും എന്ന് പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ട്വിറ്റര്‍ വീഡിയോയിലൂടെ പറഞ്ഞു.

ത്രിപുരയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ വ്യാപകമായ രീതിയില്‍ അക്രമണം അഴിച്ച് വിട്ടിരിക്കുകയാണ് ബിജെപി. മഹാനായ ലെനിന്റെ പ്രതിമ തകര്‍ത്തതോടൊപ്പം, തമിഴ്‌നാടിന്റെ നവോത്ഥാന നായകനായ പെരിയാറിന്റെ പ്രതിമയ്ക്ക് നേരെയും ഇന്നലെ ആക്രമണം ഉണ്ടായി.