ഓർമ്മകളിലെ വസന്തകാലത്തിന് ഒരേയൊരു പേര് ‘അച്ഛൻ’

സതീഷ് ജി നായര്‍

ജീവിതത്തിലെ ഇരുണ്ട ദിനമാണ് ജനുവരി 8. ഇന്നും അണയാതെ പുകഞ്ഞ് കൊണ്ടിരിക്കുന്ന കനലോർമ്മയാണ് എന്നിൽ ഈ ദിവസം . ഓരോ ജനുവരി എട്ടും എന്നിൽ കണ്ണീര് പൊടിയാതെ കടന്നു പോകാറില്ല. അതിന് കാരണം എന്തെന്നു വച്ചാൽ എന്റെ ജീവിതത്തിലെ എല്ലാമെല്ലാമായ ഞങ്ങളുടെ അച്ഛൻ ഞങ്ങളിൽ നിന്നും മാഞ്ഞു പോയത് കരിപിടിച്ച ഒരു ജനുവരി എട്ടിലെ നട്ടുച്ചയ്ക്ക് ആയിരുന്നു. വളരെ കുറച്ച് കാലം മാത്രമേ അച്ഛനോടൊപ്പം കഴിയാനുള്ള ഭാഗ്യം എനിക്ക് കിട്ടിയുള്ളൂവെങ്കിലും അച്ഛനോടൊപ്പം കഴിഞ്ഞ ഓരോ നിമിഷവും ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
ആ കാലമായിരുന്നു എന്റെ ജീവിതത്തിലെ വസന്തകാലം. രാവിലെ ഓഫീസിൽ പോകുന്നതിനു മുമ്പ് അച്ഛൻ ചേർത്തുനിർത്തി കവിളിൽ തരുന്ന ഉമ്മകളും, അച്ഛന്റെ വരവും നോക്കി നോക്കി കടത്തിണ്ണകളിൽ കാത്തിരിക്കുന്ന സന്ധ്യകളും ഇന്നും എന്റെ ഓർമ്മകളിൽ നിറഞ്ഞു നില്‍ക്കുന്നു . അച്ഛന്റെ വഴികളിൽ എന്നും എപ്പോഴും എന്നെയും കൂട്ടുമായിരുന്നു ഞങ്ങളുടെ നാട്ടിലെ ഓരോ കടകളിലും അച്ഛൻ പറഞ്ഞിട്ടുള്ളത് എന്റെ മകന്‍ വന്നെന്ത് ചോദിച്ചാലും കൊടുക്കണം എന്നായിരുന്നു. അവനെ നിരാശപ്പെടുത്തി മടക്കി അയക്കരുതെന്നായിരുന്നു.
അച്ഛൻ പറഞ്ഞ കഥകളും പാടിയ പാട്ടുകളും കേട്ടു അച്ഛനെ കെട്ടിപ്പിടിച്ചു ഉറങ്ങിയിരുന്ന ബാല്യകാലം ഒരു സ്വപ്നം പോലെ ഇന്നും ഞാൻ കാണാറുണ്ട്.
അക്ഷരങ്ങളുടെ ആകാശവും സർഗ്ഗാത്മകതയുടെ ഭൂമിയും വിസ്മയത്തോടെ ഞാനാദ്യമായി അനുഭവിക്കുന്നത് അച്ഛനിലുടെയാണ്. അച്ചടിച്ചത് പോലിരിക്കുന്ന അച്ഛന്റെ കൈയ്യക്ഷരം ഇന്നും ഞങ്ങളുടെ നാട്ടിൽ പ്രശസ്തമാണ്.ആ കൈയ്യക്ഷരത്തിൽ എഴുതി കിട്ടാൻ വേണ്ടി മാത്രം പലരും വീട്ടിൽ വരാറുണ്ടായിരുന്നു. കോളേജ് അധ്യാപകനായിരുന്ന ഞങ്ങളുടെ നാട്ടിലെ അഷറഫ് സാർ എപ്പോൾ കാണുമ്പോഴും അച്ഛന്റെ കൈയ്യക്ഷരത്തിന്റെ മഹത്വത്തെക്കുറിച്ച് വാതോരാതെ പറയും. എഴുത്തുകാരൻ എന്ന രീതിയിൽ ഒരക്ഷരം എങ്കിലും ഞാൻ എഴുതിയിട്ടുണ്ടെങ്കിൽ അച്ഛനിൽ നിന്നും കിട്ടിയ മഹാ അനുഗ്രഹം മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു . അച്ഛന്റെ വിരലുകളിൽ തൂങ്ങി അച്ഛനോടൊപ്പം ഇടവഴികളിലും പെരുവഴി കളിലും ഞാൻ ഒപ്പം നടന്നു .ഒരച്ഛൻ ഇത്രയും തീവ്രമായി ഒരു മകനെ സ്നേഹിക്കുമോ എന്ന് ഇന്ന് പലപ്പോഴും സംശയം തോന്നാറുണ്ട്. ഒരുപക്ഷേ അത് അച്ഛനെ അത്രമേൽ സ്നേഹിക്കുന്ന ഏതൊരു മകനും ഉണ്ടാകുന്ന സംശയം ആയിരിക്കാം. ബാല്യകാലത്തിലെ കൂടുതൽ ഭാഗവും ചെലവഴിച്ചത് അച്ഛനോടൊപ്പം ആയിരുന്നു ഞങ്ങളുടെ വീട്ടിലെ ഒരു ജനാലക്കരികിൽ അച്ഛൻ കസേരയിലും ഞാൻ സ്റ്റൂളിലും ഇരുന്ന് എന്നും ഒത്തിരിനേരം സംസാരിക്കുമായിരുന്നു. മരണത്തിനു കുറെനാൾ മുമ്പ് ഒരിക്കൽ സംസാരിക്കുന്നതിനിടയിൽ അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. അന്ന് ഞാൻ എന്ന ആ ചെറിയ കുട്ടിക്ക് അത് എന്തിനാണെന്ന് മനസ്സിലായില്ല. ഇന്ന് ഞാൻ അതിന്റെ അർത്ഥം മനസ്സിലാക്കുന്നു. ഇടയ്ക്കിടെ ഒറ്റ ആക്കുന്ന നിമിഷങ്ങളിൽ ഇന്നും ഞാൻ അച്ഛനോട് സംസാരിക്കാറുണ്ട്. ഇത് പറയുമ്പോൾ നിങ്ങൾ എന്നെ ഭ്രാന്തനെന്നു വിളിച്ചാലും അതാണ് സത്യം.ഇനിയും പറയുവാനുണ്ട് ഒത്തിരി. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രയും ഓർമ്മകൾ ഒരു വിങ്ങലായി എന്നിൽ ഇനിയും അവശേഷിക്കുന്നു…….