ശശികല ശബരിമലയിലേക്ക്; പേരക്കുട്ടിയുടെ ചോറൂണിനെന്ന് പോലീസിനോട്

നിലയ്ക്കല്‍: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല മല ചവിട്ടാനെത്തി. പേരക്കുട്ടിയുടെ ചോറൂണിനായാണ് എത്തിയതെന്ന് പോലീസിനോട് ശശികല പറഞ്ഞു. ഇന്ന് തന്നെ മടങ്ങുമെന്ന ഉറപ്പിന്മേലാണ് ശശികലയെ പോലീസ് ശബരിമലയിലേക്ക് കടത്തിവിട്ടത്. എരുമേലിയില്‍നിന്ന് കെഎസ്ആര്‍ടിസി ബസില്‍ പുറപ്പെട്ട ശശികലയെ പോലീസ് നിലയ്ക്കലില്‍ തടഞ്ഞിരുന്നു.

നിരോധനാജ്ഞ ലംഘിക്കുന്ന ഒന്നും ഉണ്ടാകില്ലെന്ന് ശശികലയില്‍ നിന്ന് പോലീസ് എഴുതി വാങ്ങി. പോലീസ് നല്‍കിയ നോട്ടീസ് ഒപ്പിട്ടു നല്‍കാന്‍ ശശികല ആദ്യം തയ്യാറായില്ല.എന്നാല്‍ പിന്നീട് ഇത് ഒപ്പിട്ടു നല്‍കിയില്ലെങ്കില്‍ പോകാന്‍ അനുവദിക്കില്ലന്ന് പോലീസ് അറിയിച്ചു.തുടര്‍ന്ന് ഒപ്പിട്ട് യാത്ര തുടര്‍ന്നു. എരുമേലി ക്ഷേത്രത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്.

പുലര്‍ച്ചെ ഏഴുമണിയോടെ കുടുംബാംഗങ്ങള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം എരുനമേലി അമ്പലത്തില്‍ നിന്നാണ് ശശികല യാത്ര തുടങ്ങിയത്. പേരക്കുട്ടിയുടെ ചോറൂണിനാണ് ശബരിമലയിലേക്ക് പോകുന്നത് എന്നായിരുന്നു അവര്‍ പോലീസിനോട് പറഞ്ഞത്. നിലയ്ക്കലില്‍ വെച്ച് സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര ശശികലയോട് സംസാരിച്ചു. തുടര്‍ന്ന് ഏറെനേരം വാക്കുതര്‍ക്കമുണ്ടായി.

ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം ഇന്നുതന്നെ മടങ്ങണമെന്നും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്നും പോലീസ് ശശികലയോട് വ്യക്തമാക്കി. സന്നിധാനത്ത് യോഗം ചേരുകയോ മറ്റു ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യില്ലെന്ന് ഉറപ്പു നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടു.