ശശികലയ്ക്ക് ജാമ്യം; ആരോഗ്യം അനുവദിച്ചാല്‍ മല ചവിട്ടുമെന്ന് മാധ്യമങ്ങളോട്

തിരുവല്ല: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്ക് ജാമ്യം ലഭിച്ചു. തിരുവല്ലസബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിനാല്‍ ഇനി ശശികലയ്ക്ക് മല ചവിട്ടാം. ആരോഗ്യം അനുവദിച്ചാല്‍ ശബരിമലയ്ക്ക് പോകുമെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ അറസ്‌റ്റ് ചെയ്‌തയിടത്ത് തിരികെ എത്തിക്കണമെന്ന ശശികലയുടെ ആവശ്യം കണക്കിലെടുത്ത് പൊലീസ് ഇവരെ ശബരിമലയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാൽ ആരോഗ്യം അനുവദിക്കുമെങ്കിൽ മാത്രം ഇന്ന് സന്നിധാനത്തേക്ക് പോകുമെന്ന് ശശികലയും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു.

കനത്ത പൊലീസ് സുരക്ഷയിലാണ് റാന്നി പൊലീസ് സ്‌റ്റേഷനിൽ നിന്നും ശശികലയെ തിരുവല്ല ആർ.ഡി.ഒയുടെ മുന്നിൽ ഹാജരാക്കിയത്. ഇവിടെയും പ്രതിഷേധവുമായി അഞ്ഞൂറോളം പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. ബി.ജെ.പി, ഹിന്ദു ഐക്യവേദി നേതാക്കളും സ്ഥലത്തെത്തിയിരുന്നു. സന്നിധാനത്ത് സർക്കാർ യാതൊരു സൗകര്യവും ഏർപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യം പുറത്താകുമെന്ന് പേടിച്ചിട്ടാണ് രാത്രിയിൽ ഭക്തരെ അവിടെ നിന്നും പുറത്താക്കുന്നതെന്നും ശശികല ആരോപിച്ചു.തന്നെ തടഞ്ഞ് വച്ച പൊലീസുകാർ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും അനുവദിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.