തരൂരിനെ വെട്ടാന്‍ ഐക്യരാഷ്ട്ര സഭാ സഹായം വേണ്ടെന്ന് കേന്ദ്രം; ലക്ഷ്യം തിരുവനന്തപുരം ലോക്‌സഭാ സീറ്റ്

കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് സഹായം നല്‍കാമെന്ന ഐക്യരാഷ്ട്രസഭയുടെ വാഗ്ദാനത്തിനു നേരെ മുഖം തിരിച്ച് കേന്ദ്ര സര്‍ക്കാര്‍.ശശി തരൂര്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കേരളത്തിന് സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭ ദുരിതാശ്വാസ സെല്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്.എന്നാല്‍ ആ സഹായം വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.പുനര്‍നിര്‍മാണ പ്രക്രിയയില്‍ സജീവമായി ഇടപെടാന്‍ കഴിയുന്ന യുഎന്‍ ഏജന്‍സിയുടെ സഹായം കേന്ദ്രം തിരസ്‌കരിച്ചതിന് പിന്നില്‍ ശശി തരൂരിനോടുള്ള എതിര്‍പ്പാണെന്നാണ് വിലയിരുത്തല്‍.

ശശി തരൂര്‍ വഴി കേരളത്തിന് വലിയ സഹായെമെത്തിയാല്‍ ബിജെപി കേരളത്തില്‍ ലക്ഷ്യമിടുന്ന തിരുവനന്തപുരം സീറ്റില്‍ തരൂരിനെ കീഴടക്കുക എളുപ്പമാകില്ലെന്ന് കരുതിയാണ് ഈ നീക്കം.ഇത്രയും വലിയ ഇടപെടല്‍ ഉണ്ടാകുമ്പോഴും രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്.യുഎഇയുടെ 700 കോടി സഹായപ്രഖ്യാപനം കൂടി ആയതോടെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന കേന്ദ്രത്തിന് യുഎന്‍ സഹായം കൂടി സ്വീകരിക്കുന്നത് വന്‍ പ്രതിഛായ നഷ്ടത്തിന് കാരണമാകുമെന്നാണ് ബിജെപി ബുദ്ധികേന്ദ്രങ്ങളുടെ വിലയിരുത്തല്‍.പ്രളയം ഉണ്ടായ സമയം മുതല്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ തുടരുന്ന കേരള വിരുദ്ധത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍