ഇന്ന് മകരവിളക്ക്: സന്നിധാനം ഭക്തിയില്‍

സന്നിധാനം: ഇന്ന് മകരവിളക്ക്. സന്നിധാനവും പരിസരവും ഭക്തി സാന്ദ്രമായി. കാടകങ്ങളില്‍ പോലും പര്‍ണശാലകള്‍ ഉയര്‍ന്നുകഴിഞ്ഞു. മകരവിളക്ക് കാണാനാകുന്ന സ്ഥലങ്ങളിലെല്ലാം ഭക്തന്മാര്‍ തമ്പിടിച്ചു. മരങ്ങളുടെ തടസ്സങ്ങളൊന്നുമില്ലാതെ മകരജ്യോതി കാണാന്‍ കഴിയുന്ന പാണ്ടിത്താവളത്ത് നിറയെ പര്‍ണ്ണശാലകളാണ്. ഭജന, കര്‍പ്പൂരാഴി, ഇരുമുടിയ്ക്ക് ലക്ഷാര്‍ച്ചന, കൊട്ടും പാട്ടുമായുള്ള പ്രദക്ഷിണം…. അയ്യനില്‍ അലിഞ്ഞ് കാത്തിരിക്കുകയാണ് സ്വാമിമാര്‍.

അയ്യായിരത്തോളം പോലീസുകാരെയും കേന്ദ്ര സേനയെയുമാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. ഒരു ഐജിയുടേയും രണ്ട് എസ്.പിയുടെയും നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. വിവിധ കേന്ദ്ര സേനകളും സന്നിധാനത്ത് എത്തിയിട്ടുണ്ട്. നേരത്തെ പ്രതിഷേധങ്ങളും സമരങ്ങളും നിറഞ്ഞുനിന്ന സന്നിധാനത്ത് ഇപ്പോള്‍ പൂര്‍ണമായും ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ്.

മകരസംക്രമസമയമായ തിങ്കളാഴ്ച രാത്രി 7.52-ന് സംക്രമപൂജയും അഭിഷേകവും നടക്കും. സംക്രമാഭിഷേകത്തിനുള്ള നെയ്യ് കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് ഞായറാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തിച്ചു.