സഞ്ജീവിനെ ജയിലില്‍ കാണാന്‍ പോലും അനുവദിക്കുന്നില്ല; നീതിക്കായുള്ള പോരാട്ടത്തിൽ നിന്ന് പിൻവാങ്ങില്ല; ശ്വേത ഭട്ട്

ന്യൂഡൽഹി: സഞ്ജീവിനെ ജയിലില്‍ ചെന്ന് കാണാന്‍പോലും അനുവദിക്കാതെ തിരിച്ചയക്കുമെന്ന് ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്. രാവിലെ പോയാല്‍ വൈകുന്നേരം വരാന്‍ പറയും. കേരളത്തില്‍നിന്ന് വലിയ പിന്തുണയാണ് സഞ്ജീവിന് ലഭിച്ചതെന്നും ജനങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലി നടത്തിയെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

അമിത് ഷാ ആഭ്യന്തരമന്ത്രിയായെന്ന് കരുതി നീതിക്കായുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശ്വേത പറഞ്ഞു. ഈ പോരാട്ടത്തില്‍ താനും സഞ്ജീവും ഇതുവരെ ഭയന്നിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സഞ്ജീവ് ജയിലിലായിട്ടും പീഡനം തുടരുകയാണ്. തങ്ങളെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ നോക്കിയ ട്രക്കിന് നമ്പറും ഡ്രൈവര്‍ക്ക് ലൈസന്‍സുമില്ലായിരുന്നു. കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷക്ക് കോടതി വിധിയുണ്ടായിട്ടും അത് നിഷേധിച്ചു.- ശ്വേത പറഞ്ഞു.

ന്യൂഡൽഹി പ്രസ്‌ക്ലബില്‍ എന്‍.സി.എച്ച്.ആര്‍.ഒ സംഘടിപ്പിച്ച ആക്ടിവിസ്റ്റുകളുടെ സംഗമത്തിനെത്തിയതായിരുന്നു ശ്വേത ഭട്ടും മകന്‍ ശന്തനു ഭട്ടും.

എല്ലാവരും ഫോണ്‍ ചെയ്യുന്നുണ്ടെങ്കിലും ഭയം തോന്നുന്നതുകൊണ്ട് അനുകൂലിച്ച് പരസ്യമായി വരാന്‍ തയാറാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സഞ്ജീവ് ഭട്ടിനോട് ചെയ്ത അനീതിയെ ജനം ചോദ്യംചെയ്യണമെങ്കില്‍ അവരെ ബോധവാന്മാരാക്കണമെന്ന് മകന്‍ ശാന്തനു ഭട്ട് പറഞ്ഞു.

കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ശ്വേതാ പറഞ്ഞു. വിചാരണ കോടതിയുടെ വിധിക്കെതിരെ അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കും. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. അത് ഹൈക്കോടതിയില്‍ തെളിയും. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്. ഏകപക്ഷീയമായ വിചാരണയാണ് കോടതിയില്‍ നടന്നത്. സാക്ഷികളെ വിസ്തരിക്കുകയോ രേഖകള്‍ കൈമാറുകയോ ചെയ്തിട്ടില്ലെന്നും ശ്വേത പറഞ്ഞു.