സനൽ കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് ഉപവാസ സമരത്തിനൊരുങ്ങി ഭാര്യ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ ഉപവാസ സമരത്തിന്. സനല്‍ കൊല്ലപ്പെട്ട സ്ഥത്ത് ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ ഉപവാസമിരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുമെന്ന് സനല്‍കുമാറിന്റെ ഭാര്യ വിജി പറഞ്ഞു. നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് ഉപവാസം.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ്‌ വാക്കുതര്‍ക്കത്തിനിടെ ഡി വൈ എസ് പി ഹരികുമാര്‍ പിടിച്ചു തള്ളിയ സനല്‍കുമാര്‍ വാഹനമിടിച്ചു മരിച്ചത്. തുടര്‍ന്ന് ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഹരികുമാറും ഇയാളുടെ സുഹൃത്ത് ബിനുവും ഒളിവിലാണ്‌. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

ഡി വൈ എസ് പി ഉള്‍പ്പെട്ട കേസ് ആയതിനാല്‍, ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് നേരിട്ട് അന്വേഷിക്കണമെന്ന്‌ സനലിന്റെ കുടുംബം ആവശ്യം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഐ ജി എസ് ശ്രീജിത്തിന് കേസിന്റെ നേരിട്ടുള്ള അന്വേഷണച്ചുമതല നല്‍കിയിട്ടുണ്ട്‌.