‘ആര്‍ക്കും സല്‍മാനെ തല്ലാം, അവര്‍ക്ക് 5 ലക്ഷം രൂപ നല്‍കും’

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ തല്ലുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു ഹി ആഗെ നേതാവ്. ആഗ്രയിലെ ഹിന്ദു ഹി ആഗെയുടെ നേതാവായ ഗോവിന്ദ് പരേഷാറാണ് വിവാദ പ്രസ്താവന നടത്തിയത്. മുന്‍ വി.എച്ച്.പി പ്രസിഡന്റ് പ്രവീണ്‍ തൊഗാന്ധിയയുടെ അനുയായി കൂടിയാണ് ഗോവിന്ദ് പരേഷര്‍. സല്‍മാന്‍ഖാന്‍ നവരാത്രിയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ലവ് രാത്രി. ലവ് രാത്രി എന്ന പേര്‍ നവരാത്രിയെ അപമാനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വിശ്വഹിന്ദു ഹി ആഗെ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

‘ആര്‍ക്കും സല്‍മാനെ തല്ലാം, അവര്‍ക്ക് 5 ലക്ഷം രൂപ നല്‍കും. സിനിമയുടെ സെറ്റ് അടിച്ചുതകര്‍ക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് ഗോവിന്ദ് പരേഷാര്‍ പ്രഖ്യാപിച്ചു’. ഈ ചിത്രം രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തികള്‍ക്കും കൂട്ടുനില്‍ക്കാന്‍ സാധിക്കില്ലെന്ന് വിഎച്ച് പിയുടെ ഇന്റര്‍നാഷണല്‍ വര്‍ക്കിങ് പ്രസിഡണ്ട് അലോക് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സല്‍മാന്‍ ഖാന്‍ ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നവരാത്രി ആഘോഷം നടക്കുന്ന ഒക്ടോബര്‍ അഞ്ചിന് തന്നെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.

ഗുജറാത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തിലെ നായകന്‍. സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സുല്‍ത്താനില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അഭിരാജ് മിനവാലയാണ് ചിത്രത്തിന്റെ സംവിധായകന്‍.