ശമ്പള പ്രതിസന്ധി; 80 നഴ്‌സുമാരുടെ പട്ടിക ഇന്ത്യന്‍ എംബസി കുവൈത്ത് സര്‍ക്കാരിന് കൈമാറി

 

കുവൈത്ത് സിറ്റി: ജോലിയില്‍ പ്രവേശിച്ചുവെങ്കിലും ശമ്പളം ലഭിക്കാത്ത 80 നഴ്‌സുമാരുടെ പട്ടിക ഇന്ത്യന്‍ എംബസി കുവൈത്ത് സര്‍ക്കാരിന് കൈമാറി. ഇന്ത്യന്‍ സ്ഥാനപതി കെ.ജീവ സാഗറും കുവൈത്ത് ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എംബസി നഴ്‌സുമാരുടെ പട്ടിക തയാറാക്കി മന്ത്രാലയത്തിന് കൈമാറിയത്.

ഇന്ത്യയില്‍നിന്നുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് വിവാദത്തില്‍ 2015ല്‍ റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് കുവൈത്തില്‍ എത്തിയിട്ടും ജോലിയോ ശമ്പളമൊ ലഭിക്കാതെ പ്രതിസന്ധിയിലായത്. ദുരിതം അനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും മലയാളി നഴ്‌സുമാരാണ്. ഇവര്‍ നിരന്തരം എംബസിയുമായി ബന്ധപ്പെട്ട അവസരത്തിലാണ് എംബസി അധികൃതര്‍ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടത്. 58 പേരാണ് ആദ്യം എംബസിയെ സമീപിച്ചത്. ഇതില്‍ ഉള്‍പ്പെട്ട മറ്റുള്ളവരും വിവരങ്ങള്‍ നല്‍കണമെന്ന് എംബസി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും പേര്‍ കൂടിസമീപിക്കുകയായിരുന്നു.അങ്ങനെയാണ് 80 പേരുടെ പട്ടികയുണ്ടാക്കിയത്.