സാലറി ചലഞ്ചിന് വിസമ്മത പത്രം നല്‍കേണ്ട അവസാന ദിനം ഇന്ന് ; കണക്കെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം; കാമ്പയിനുമായി സര്‍വീസ് സംഘടനകള്‍

കേരള പുനര്‍നിര്‍മാണത്തിന് ഒരുമാസത്തെ ശമ്പളം ആവശ്യപ്പെട്ടുളള സാലറി ചലഞ്ചില്‍ താത്പര്യമില്ലാത്തവര്‍ക്ക് വിസമ്മതപത്രം നല്‍കാനുളള അവസാന ദിനം ഇന്ന്. എത്രപേര്‍ വിസമ്മതപത്രം ഒപ്പിട്ടെന്ന കണക്കുകള്‍ ശേഖരിക്കുകയോ രേഖപ്പെടുത്തിവെക്കുകയോ ചെയ്യേണ്ടന്നാണ് സര്‍ക്കാര്‍ തീരുമാനം. വിസമ്മതത്തിനുളള അവസാന ദിനമായ ഇന്ന് എല്ലാ ഓഫിസുകളിലും പ്രത്യേക പ്രചാരണം നടത്താനാണ് പ്രതിപക്ഷ അധ്യാപക, സര്‍വീസ് സംഘടനകളുടെ തീരുമാനം.സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ കഴിയുന്ന തുക സംഭാവന ചെയ്യുന്നതിന് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അഡമിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്നും അറിയുന്നു.

അതത് ഓഫീസിലെ ഡ്രായിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍ക്കാണ് ജീവനക്കാര്‍ വിസമ്മതപത്രം എഴുതി നല്‍കേണ്ടത്.ശമ്പള വിതരണത്തിനുളള ഓണ്‍ലൈന്‍ സംവിധാനമായ സ്പാര്‍ക്കില്‍ ഡ്രായിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാരാണ് ഇക്കാര്യം ചേര്‍ക്കുക. അതുകൊണ്ട് തന്നെ ഏകീകരിച്ചുളള കണക്കുകള്‍ ലഭ്യമല്ല.അടുത്ത മാസത്തെ ശമ്പളവിതരണഘട്ടത്തില്‍ സ്പാര്‍ക്കില്‍ നിന്നേ ഇതുസംബന്ധിച്ച കണക്കുകള്‍ ലഭ്യമാകാനിടയുളളൂ.

ഒരുമാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതു സംബന്ധിച്ച് ധനമന്ത്രി പെന്‍ഷന്‍ സംഘടനകളുമായി ഇന്ന് ചര്‍ച്ച നടത്തും.
നവകേരളനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന് ആവശ്യപ്പെടുന്ന സാലറി ചലഞ്ചിന്റെ വ്യവസ്ഥകള്‍ വ്യക്തമാക്കി സെപ്തംബര്‍ 11നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.