സജി ചെറിയാന്റെ വിലാപം ഫലം കണ്ടു…രക്ഷാ ദൗത്യത്തിന് കൂടുതല്‍ സൈന്യം

ചെങ്ങന്നൂര്‍ മേഖലയില്‍ രക്ഷാദൗത്യത്തിന് സൈന്യത്തെ നിയോഗിക്കണമെന്ന എംഎല്‍എ സജി ചെറിയാന്റെ ആവശ്യത്തെ തുടര്‍ന്ന് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചുതുടങ്ങി. രാത്രി തന്നെ കൂടുതല്‍ ആളുകളെ ഒഴിപ്പിക്കാനാണ് ശ്രമം. ചെങ്ങന്നൂര്‍ പാണ്ടനാട് ഭാഗങ്ങളില്‍ ഇതിനകം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

സഹായം എത്തിച്ചില്ലെങ്കില്‍ പതിനായിരം പേരെങ്കിലും ചെങ്ങന്നൂരില്‍ മരിക്കുമെന്നാണ് സജി ചെറിയാന്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞത്.. അമ്പതിലധികം ആളുകള്‍ ഇപ്പോള്‍ മരിച്ചുകിടക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും മറ്റുമാര്‍ഗമില്ലെന്നും എംഎല്‍എ അപേക്ഷിച്ചു.

50000 ത്തില്‍പ്പരം ആളുകള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണം, മറ്റുമാര്‍ഗമില്ല, സഹായിച്ചേ പറ്റൂ. പട്ടാളത്തെ ഇറക്കണമെന്ന് കേണപേക്ഷിക്കുന്നു, പതിനായിരത്തോളം പേര്‍ മരണാസന്നരാണ്, സജി ചെറിയാന്‍ വ്യക്തമാക്കി.

രാത്രി തന്നെ പട്ടാളം പരമാവധി സഹായം എത്തിക്കണമെന്നും നാല് ദിവസമായി താന്‍ അപേക്ഷിക്കുകയാണെന്നും കുട്ടികളും ഗര്‍ഭിണികളും അവശരായിരിക്കുകയാണെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.