സജി ബഷീറിനെ നീക്കി

തിരുവനന്തപുരം: കെല്‍പാം എം.ഡി സജിബഷീറിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. വ്യവസായ മന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. പകരം നിയമനം നല്‍കിയിട്ടില്ല. നിരവധി വിജിലന്‍സ് അന്വേഷണം നേരിടുന്ന സജിബഷീറിനെ കെല്‍പാം എം.ഡി സ്ഥാനത്ത് നിയമിച്ചത് വിവാദമായിരുന്നു.

അഴിമതി കേസുകളില്‍ പ്രതിയായ സജി ബഷീറിനെ വ്യവസായ വകുപ്പിനു വേണ്ടെന്ന നിലപാടായിരുന്നു മന്ത്രിക്ക്. സജി ബഷീറിന്റെ സംബന്ധിച്ചുള്ള എല്ലാ ഫയലുകളും കഴിഞ്ഞദിവസം മന്ത്രി വിളിച്ചു വരുത്തിയിരുന്നു.

സര്‍വീസില്‍ തിരിച്ചെടുക്കാനായി സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവച്ചെന്നും സര്‍ക്കാര്‍ ജോലിക്കു സജി ബഷീറിന് അവകാശമില്ലെന്നു കാട്ടി നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തിയതും, സസ്പെന്‍ഡ് ചെയ്ത് ഒന്നര വര്‍ഷമായിട്ടും പുറത്താക്കി ഉത്തരവിറക്കാത്തതുമാണു ഹൈക്കോടതിയിലെ കേസില്‍ സജി ബഷീറിന് അനുകൂലമായതെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയെയും മന്ത്രി എ.സി. മൊയ്തീൻ കാര്യങ്ങൾ ധരിപ്പിച്ചു. വ്യവസായ വകുപ്പിന്റെ ശക്തമായ എതിർപ്പുണ്ടായിട്ടും സജി ബഷീർ കഴിഞ്ഞദിവസം വൈകുന്നേരം കെൽപാമിന്റെ എംഡിയായി ചുമതലയേറ്റിരുന്നു.