സാഗര്‍ ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ഏദന്‍ ഗള്‍ഫ് പ്രദേശത്തു നിന്നും സാഗര്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നു എന്ന് ദേശീയ ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കി. ഇതിനാല്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, സിക്കിം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തിസ്ഗഡ്, ഹരിയാന, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാവാന്‍ സാധ്യതയുണ്ട്.

കാറ്റ് നേരിട്ട് ഇന്ത്യന്‍ തീരങ്ങളെ ബാധിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 90 കിലോമീറ്ററിലേക്കും കാറ്റിന്റെ വേഗത ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗള്‍ഫ് ഓഫ് ഏദന്‍ തീരങ്ങളിലും അതിന്റെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നും ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. കേരളത്തിലെ തെക്കന്‍ ജില്ലകളെയാകും കാറ്റ് കൂടുതലായി ബാധിക്കുക.