ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ തുറുപ്പുചീട്ടെന്ന് സച്ചിന്‍

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നടക്കാന്‍ പോകുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ജയിക്കുമോ? ഉത്തരങ്ങള്‍ പലതും ഉയരുന്നുണ്ടെങ്കിലും ഇന്ത്യക്ക് ആശ്വാസിക്കാവുന്ന ഉത്തരം നല്‍കിയത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ ടീമാണ് ഇന്നുള്ളതെന്ന് വിലയിരുത്തുകയാണ് സച്ചിന്‍. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ തുറുപ്പുചീട്ടെന്ന് സച്ചിന്‍ വ്യക്തമാക്കുന്നു.

തന്റെ 24 വര്‍ഷക്കാലത്തെ കരിയറിനിടെ കാണാത്ത ബാലന്‍സുള്ള ടീമാണ് ഇന്നത്തേതെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. ഹാര്‍ദിക് പാണ്ഡ്യ ടീമിന്റെ ബഹുമുഖ പ്രതിഭയാണ്. 1718 ഓവറുകള്‍ യാതൊരു പ്രശ്നവുമില്ലാതെ എറിയാനും, ഏഴെട്ട് സ്ഥാനങ്ങളില്‍ ഇറങ്ങി റണ്ണുകള്‍ അടിച്ചുകൂട്ടുന്നതും പാണ്ഡ്യയുടെ സവിശേഷതയാണ്. പാണ്ഡ്യയുടെ വമ്പന്‍ പരമ്പരയായി ഇത് മാറും, വിരാട് ഈ കളിക്കാരനില്‍ പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യും, സച്ചിന്‍ പറഞ്ഞു.

കപില്‍ ദേവിന്റെ ടീമില്‍ പോലും ഇതുപോലെ പേസ് ബൗളര്‍മാര്‍ കളിച്ചിരുന്നില്ല. ബൗളിങ്ങിനൊപ്പം ബാറ്റിങ്ങും കൈകാര്യം ചെയ്യുന്നതാണ് ഇന്നത്തെ ബൗളര്‍മാരുടെ ഗുണം. ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ പേസും, ബൗണ്‍സുമൊന്നും പരിഗണിക്കാതെ സ്വാഭാവികമായ ഗെയിം പുറത്തെടുക്കുന്നവരാണ്. മാനസികമായി നമ്മുടെ ബാറ്റ്സ്മാന്‍മാര്‍ മുന്നൊരുക്കം നടത്തിയിട്ടുമുണ്ട്.

എന്നാല്‍ പരിചയസമ്പത്താണ് ദക്ഷിണാഫ്രിക്കയുടെ കുറവ്. ഡെയില്‍ സ്റ്റെയിന്‍ ആദ്യ ടെസ്റ്റില്‍ കളിക്കാനും സാധ്യതയില്ലെന്നത് ഇന്ത്യക്ക് നല്ല വാര്‍ത്തയാണെന്നും സച്ചിന്‍ വ്യക്തമാക്കി. കെഎല്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങുന്നത് നന്നായിരിക്കുമെന്നും ദക്ഷിഫ്രിക്കയില്‍ താരം നന്നായി കളിക്കുമെന്ന പ്രതീക്ഷയും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പങ്കുവെച്ചു