ശബരിമലയിലെ സുരക്ഷാ കാര്യങ്ങളില്‍ ഇടപെടും; ആചാരങ്ങളിൽ ഇടപെടില്ല; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി∙ ശബരിമല‌ ആചാരങ്ങളിൽ ഇടപെടില്ലെന്നും അതേസമയം സുരക്ഷാ കാര്യങ്ങളില്‍ ഇടപെടുമെന്നും സർക്കാർ ഹൈക്കോടതിയിൽ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് അറിയിച്ചത്. സുരക്ഷാ കാര്യങ്ങളിൽ മാത്രമെ ഇടപെട്ടിട്ടുള്ളു ഇനിയും അങ്ങനെ തന്നെ തുടരും. ശബരിമലയിൽ എത്തുന്ന യഥാർഥ ഭക്തരെ തടയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു മുമ്പു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബോര്‍ഡിനുമേല്‍ അധികാരം പ്രയോഗിക്കരുതെന്നും ക്രമസമാധാന പാലനത്തിനായി ഇടപെടുന്നതിനു ന്യായീകരണമുണ്ടെന്നും കോടതി അറിയിച്ചിരുന്നു.

സ്ത്രീ പ്രവേശനം സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. യഥാര്‍ഥ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.