ശബരിമല: പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ കേൾക്കും

ഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള 50 ഹര്‍ജികള്‍ സുപ്രീംകോടതി തുറന്ന കോടതിയിൽ കേൾക്കും. ജനുവരി 22 ന് എല്ലാ ഹർജികളും തുറന്ന കോടതിയിൽ കേൾക്കും. ഹർജികൾ പരിഗണിക്കും വരെ നിലവിലെ വിധി മരവിപ്പിക്കും. മൂന്നു മണിക്കാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. 20 മിനിട്ടിനുള്ളിൽ ചേംബറിലെ നടപടികള്‍ പൂര്‍ത്തിയാക്കി.

വിധിക്കെതിരേ സമര്‍പ്പിച്ച നാല് റിട്ട് ഹര്‍ജികള്‍, പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷം പരിഗണിക്കാമെന്ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു.

പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണോ എന്ന് ചേംബറില്‍ ഹര്‍ജികള്‍ പരിഗണിച്ച ശേഷമേ തീരുമാനിക്കുകയുള്ളൂ. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ദീപക് മിശ്രയുടെ പിന്‍ഗാമിയായ രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത്. വിധി പറഞ്ഞ ബെഞ്ചിലുള്ള മൂന്ന് ജഡ്ജിമാര്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിലുമുണ്ടായിരുന്നു.

രാവിലെ റിട്ട് ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ച് പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ശബരിമല അവകാശ സംരക്ഷണ ഫോറത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. വൈകിട്ട് ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ ഇത്തരമൊരു ആവശ്യമുന്നയിച്ചത് ശരിയായില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്. പുനഃപരിശോധനാ ഹര്‍ജികളില്‍ കോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചാല്‍ റിട്ട് ഹര്‍ജികള്‍ കൂടി ഇതിനോടൊപ്പം പരിഗണിച്ചേക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എം.എം ഖന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഹര്‍ജികള്‍ പരിശോധിക്കുന്നത്.