തുറന്ന കോടതിയില്‍ വാദമില്ല; ശബരിമല പുന പരിശോധന ഹര്‍ജികള്‍ നാളെ വൈകിട്ട് മൂന്നിന് പരിഗണിക്കും

ശബരിമല സ്ത്രീ പ്രവേശന വിധി സംബന്ധിച്ച് തുറന്ന കോടതിയില്‍ വാദമില്ലെന്ന് സുപ്രീം കോടതി. പുന പരിശോധന ഹര്‍ജികള്‍ ചേംബറില്‍ പരിഗണിക്കും. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഭരണഘടന ബെഞ്ചില്‍ അംഗമാകും. നാളെ വൈകിട്ട് മൂന്ന് മണിക്ക് പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി ചേംബറില്‍ പരിഗണിക്കും.

ജഡ്ജിമാരുടെ ചേംബറിൽ വച്ചായിരിക്കും ഹര്‍ജികളിന്മേൽ തീരുമാനമെടുക്കുക. ഇവിടേക്ക് അഭിഭാഷകർക്കോ കക്ഷികൾക്കോ പ്രവേശനം അനുവദിക്കില്ല.

48 ഹർജികളാണു നാളെ വൈകിട്ടു പരിഗണിക്കുന്നത്. പുനഃസംഘടിപ്പിച്ച ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകും. ഇതിനു പുറമേ ശബരിമല വിഷയത്തിലെ റിട്ട് ഹർജികൾ നാളെ രാവിലെ പരിഗണിക്കും. രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട മൂന്ന് അംഗ ബെഞ്ചാണ് റിട്ട് ഹർജികൾ പരിഗണിക്കുക. ദേവസ്വം ബോര്‍ഡിന് വേണ്ടി നാളെ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.