സംഘപരിവാര്‍ ഭീഷണി; പൊലീസ് സഹായത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മലയിറങ്ങി പമ്പ വിട്ടു

തുലാമാസ പൂജകഴിഞ്ഞ് നട അടച്ചാലുടന്‍ മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്ന സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് സന്നിധാനത്ത് ക്യാംപ് ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് സംരക്ഷണയില്‍ മലയിറങ്ങി.ജനം ടിവിയും പ്രതിഷേധക്കാരെ പിന്തുണക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരും മാത്രമാണ് സന്നിധാനത്തുള്ളത്.മറ്റുള്ളവര്‍ വെളുപ്പിന് 3 മണിക്ക് തന്നെ മലയിറങ്ങി.പമ്പയിലും നിലയ്ക്കലിലും റിപ്പോര്‍ട്ടിംഗിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും തിരികെ പോയി.

നട അടച്ചു കഴിഞ്ഞാല്‍ കാനനപാതയിലും പമ്പയിലും നിലയ്ക്കലിലും മാധ്യമങ്ങളെ ആക്രമിക്കാന്‍ സംഘപരിവാര്‍ അനുകൂലികള്‍ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിരുന്നു.നേരത്തെ പ്രതിഷേധം അക്രമാസക്തമായത് റിപ്പോര്‍ട്ട് ചെയ്തപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റവും വാഹനങ്ങള്‍ക്കുനേരെ ആക്രമണവും ഉണ്ടായിരുന്നു.

തങ്ങള്‍ക്കൊപ്പം നില്‍ക്കാതെ വസ്തുനിഷ്ഠമായി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരെ തെരഞ്ഞ്പിടിച്ച് ആക്രമിക്കാനാണ് സംഘപരിവാര്‍ നീക്കം.പല വാട്ട്‌സ്ആപ് ഗ്രൂപ്പുകളിലും ഇതുമായി ബന്ധപ്പെട്ട് സന്ദേശങ്ങള്‍ കൈമാറിയത് മുന്‍കൂട്ടിയറിഞ്ഞാണ് മാധ്യമപ്രവര്‍ത്തകര്‍ രഹസ്യമായി സന്നിധാനം വിട്ടത്.

തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്ക് ശേഷം സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിടുകയില്ല. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി പത്തിന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് പൂജ.