മഹാപ്രളയത്തിനിടയിൽ നിറപുത്തരിക്ക് കതിരെത്തിച്ചത് ക്രിസ്ത്യൻ മതവിശ്വാസികൾ അടങ്ങുന്ന നാലംഗ സംഘം; അന്ന് തന്ത്രിയും പന്തളം കൊട്ടാര വാസികളും സംഘപരിവാറും എവിടെയായിരുന്നു

ചിങ്ങപുലരിയിൽ ശബരിമലയിൽ നിറപുത്തരി എന്നൊരു ആചാരമുണ്ട്. ആഘോഷത്തിനായി നെല്‍ കതിരുകളുമായി സന്നിധാനത്തേക്ക് തന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോകേണ്ടത്. എന്നാല്‍ പ്രളയത്തിനിടയില്‍ ഈ ആചാരം മുടങ്ങി. പമ്പ മുറിച്ചുകടന്ന് തന്ത്രിയെയും സംഘത്തെയും സന്നിധാനത്ത് എത്തിക്കാൻ അഗ്നിശമന സേനയും പൊലീസും ആദ്യം ആലോചിച്ചെങ്കിലും കുത്തൊഴുക്ക് കണക്കിലെടുത്ത് ഉപേക്ഷിച്ചു. ചടങ്ങ് മുടങ്ങാതിരിക്കാൻ നാലു യുവാക്കൾ പ്രളയജലത്തിലൂടെ നീന്തിക്കടന്ന് നെൽക്കതിർ പമ്പയുടെ മറുകരയിലെത്തിച്ചു. നിറപുത്തരി ആഘോഷത്തിനായി അയ്യപ്പ ക്ഷേത്രനട തന്ത്രിയില്ലാതെ തുറന്നു.

നാറാണംതോട് സ്വദേശികളായ ജോബിൻ, കറുപ്പ് എന്നിവരാണ് ജീവൻ പണയം വച്ച് പ്രളയജലത്തിലൂടെ നീന്തി നെൽക്കറ്റകളുമായി പമ്പാനദിയുടെ മറുകര എത്തിയത്. പ്ലാസ്റ്റിക് ചാക്കിൽ കറ്റകൾ ഇട്ട് കടിച്ചു പിടിച്ചാണ് നീന്തിയത്. കൊട്ടാരക്കര അമ്പലംകുന്ന് സന്തോഷ്, കണമല സ്വദേശി ജോയി എന്നിവരുടെ സഹായത്തോടെ പമ്പയുടെ മറുകര എത്തിച്ച കറ്റകൾ ട്രാക്ടറിൽ രാത്രി ഒൻപതരയോടെ സന്നിധാനത്തിൽ കൊണ്ടുവന്ന് മേൽശാന്തിക്കു കൈമാറിയത്.

ആചാരങ്ങള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ഇത് മുന്നില്‍ നില്‍ക്കുമ്പോള്‍ ആണ് സ്ത്രീ പ്രവേശനം നടന്നാല്‍ നടയടച്ചിടും എന്ന്‍ വരെ പറഞ്ഞ് തന്ത്രിയും പന്തളം കൊട്ടാര വാസികളും മുഖം തിരിച്ചു നില്‍ക്കുന്നത്.

ബി.ജെ.പിയുടെ സമുന്നതരായ രണ്ട് നേതാക്കളുടെ രണ്ട് പ്രസ്താവനകല്‍ ഇതിനോട് കൂട്ടി വായിക്കണം. ബി ജെ പി അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഐ.ജി മനോജ് ഏബ്രഹാമിനെ വിമര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ മതം വിഷയമാക്കിയ ഒരു പ്രസ്താവന ഇറക്കി. അദ്ദേഹം ക്രിസ്ത്യാനി ആയതുകൊണ്ടാണ് നിലയ്ക്കലില്‍ പൊലീസ് നടപടിയ്ക്ക് ഉത്തരവിട്ടതെന്ന സൂചനയോടെ ആയിരുന്നു ആ പ്രസ്താവന. ഇതേ ശ്രീധരന്‍ പിള്ള അതിനു മുന്‍പ് മറ്റൊന്നു പറഞ്ഞിരുന്നു. ഹിന്ദുക്കളുടെ വിശ്വാസ സംരക്ഷണ സമരത്തിന് ക്രിസ്തുമതത്തില്‍ നിന്നും ഇസ്ലാം മതത്തില്‍ നിന്നും ധാരാളം സഹോദരങ്ങള്‍ പിന്തുണ നല്‍കുന്നുണ്ടെന്ന്. തൊട്ടുപിന്നാലെയാണ് അദ്ദേഹം മനോജ് ഏബ്രഹാമിനെപ്പറ്റി ദുരുദ്ദേശപരമായ പ്രസ്താവന നടത്തിയെതെന്ന് ഓര്‍ക്കുക. ചിങ്ങപുലരിയിൽ ശബരിമലയിൽ നിറപുത്തരി എത്തിച്ച സംഘത്തില്‍ രണ്ടുപേര്‍ ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ആണെന്ന് അദ്ദേഹം മറന്നിട്ടുണ്ടാവില്ല.

.”ശബരിമല,അവിശ്വാസികള്‍ക്കും അന്യ മതസ്ഥര്‍ക്കും കയറി നിരങ്ങാനുള്ളതല്ല.” കെ.സുരേന്ദ്രന്റെ വാക്കുകളാണ് ഇത്. ജാതി മത ഭേദമില്ലാതെ ആര്‍ക്കും ദര്‍ശനം ലഭിക്കുന്ന ,സമത്വത്തിന്റെയും സമഭാവനയുടെയും ഇടമെന്ന് നമ്മള്‍ പറയാറുള്ള ശബരിമലയെ എത്ര ബുദ്ധിപരമായാണ് ഹിന്ദുവിന്റെ മാത്രം ക്ഷേത്രം എന്ന നിലയിലേക്ക് വളച്ചുകെട്ടി കൊണ്ടുവരുന്നതെന്ന് ശ്രദ്ധിക്കണം. ഇത് അപകടം ആണ്.

നിറപുത്തരി ചടങ്ങിന് തന്ത്രിയുടെ സാന്നിദ്ധ്യം ആചാരമാണെന്നിരിക്കെ എന്തുകൊണ്ട് അന്ന് നിറഞ്ഞൊഴുകുന്ന പമ്പാ തീരത്തുനിന്നും തന്ത്രിയും പരിവാരങ്ങളും മടങ്ങിപ്പോയി. ആചാര സംരക്ഷണമാണ് പ്രധാനം എന്ന്‍ ഇപ്പോള്‍ പറയുന്ന തന്ത്രി അന്നെന്തേ അങ്ങനെ ഒരു നിലപാടെടുതില്ല. രാജകുടുംബങ്ങകള്‍ ആരും ആചാരം സംരക്ഷിക്കാന്‍ വേണ്ടി പമ്പയാര്‍ നീന്തി കടകതതെന്തേ. നെഞ്ചില്‍ ചവിട്ടി മാത്രമേ സ്ത്രീകള്‍ മല ചവിട്ടു എന്നുപറയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അന്നെവിടെയായിരുന്നു. ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തം. ആചാരം സംരക്ഷിക്കുക എന്നതല്ല ഇപ്പോള്‍ പ്രക്ഷോപം ഉണ്ടാക്കുനവരുടെയോന്നും യഥാര്‍ത്ഥ ലക്ഷ്യം.