സംഘര്‍ഷം, ഹര്‍ത്താല്‍ ശബരിമലയില്‍ പ്ലാന്‍ ബി യുമായി ബിജെപി

ബാലു ശങ്കര്‍

തിരുവനന്തപുരം: ശബരിമലയില്‍ ആദ്യഘട്ട സമരം പരാജയപ്പെട്ടതിനെതുടര്‍ന്ന് രണ്ടാംഘട്ട സമരത്തിനൊരുങ്ങി ബിജെപി. സമരം കൂടുതല്‍ തീവ്രമാക്കണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് സംഘര്‍ഷം സൃഷ്ടിയ്ക്കുക, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയുക തുടങ്ങിയവയാണ് രണ്ടാംഘട്ട സമര രൂപങ്ങള്‍. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തടയല്‍ സമരത്തിലും സംഘര്‍ഷമുണ്ടാക്കി സംഘര്‍ഷം സംസ്ഥാന വ്യാപകമാക്കാനാണ് ബിജെപി ശ്രമം.

ഏത് വിധേനയും സംഘര്‍ഷത്തിന് വഴിയൊരുക്കി രാഷ്ട്രീയ ‘നേട്ടം’ കൊയ്യണമെന്നാണ് കേരളത്തിലെ ബിജെപി നേതൃത്വത്തിന് കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം. ദേശീയ സെക്രട്ടറി സരോജ് പാണ്ഡെ അടക്കം മൂന്ന് നേതാക്കള്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഞായറാഴ്ച കൊച്ചിയില്‍ ഇവരുടെ സാന്നിധ്യത്തില്‍ കോര്‍ കമ്മിറ്റിയോഗം ചേര്‍ന്ന് ‘പ്ലാന്‍ ബി’ക്ക് അന്തിമ രൂപം നല്‍കും

ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പ്ലാന്‍ എ പരാജയപ്പെട്ടത് കേരളഘടകത്തിലെ തമ്മിലടിയും പിടിപ്പുകേടുംമൂലമാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ പൊലീസിന്റെ കര്‍ശന നിലപാടും പഴുതടച്ച സുരക്ഷയും വിശ്വാസികളുടെ പിന്മാറ്റവുമാണ് സമരം പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുപോകാത്തതിന് കാരണമെന്ന് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നു.

സംസ്ഥാനതലത്തില്‍ സംഘര്‍ഷം വ്യാപിപ്പിച്ച് അടുത്തയാഴ്ച തന്നെ ഹര്‍ത്താലിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ബിജെപിയുടെ തീരുമാനം.സമരം ശക്തമാക്കുന്നതിന് അമിത്ഷാ കേരളത്തിലേക്ക് വരുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു