ആചാരങ്ങളെ കുറിച്ച് പറയുന്നവരോട്; മലയരയന്മാർക്ക് അവരുടെ ആചാരങ്ങൾ തിരിച്ചുനൽക്കു; എന്നിട്ടാകാം ശബരിമല ആചാരങ്ങളെ കുറിച്ച് താന്ത്രിമാരുടെയും പന്തളം കൊട്ടാരത്തിന്റെയും വിലാപങ്ങൾ

ശബരിമല, ശാസ്താംകോട്ട, അച്ചന്‍കോവില്‍, കൊട്ടിയൂര്‍, തിരുനെല്ലി തുടങ്ങിയവയൊക്കെ ആദി ദ്രാവിഡര്‍ ആരാധിച്ചിരുന്ന അമ്മന്‍കോവിലുകളുടെ പുരുഷപ്പതിപ്പായ അയ്യപ്പന്‍ കോവിലുകളാണ്. അവിടങ്ങളില്‍ ആഗനാനുസാരിയായ ക്ഷേത്രനിര്‍മ്മാണമോ, ബിംബ പ്രതിഷ്ഠയോ നടത്തിയിട്ടില്ല. ഉണ്ടെങ്കില്‍ കഴിഞ്ഞ അമ്പതോ നൂറോ കൊല്ലങ്ങള്‍ക്കിടയിലായിരിക്കും. ഇതില്‍ ശബരിമല അയ്യപ്പന്‍ ആദിദ്രാവിഡരുടെ ദേവനായിരുന്നു.അയ്യപ്പന്‍ കാട്ടുജാതികളുടെ മൂര്‍ത്തിയാണ്. അയ്യപ്പന് ഒരു വനദേവന്‍റെ ഗുണം മാത്രമല്ലഉള്ളത്. പുലിയുടെ പുറത്തുകയറ്റിയതും, ക്രൂരത്വം നല്‍കിയതും ഗുരുതി(കുരുതി) കൊടുത്തതും, പേട്ട(വേട്ട) തുള്ളിയതും കോലം കെട്ടിയതും, ദുര്‍ദേവതയെ(മഹിഷിയെ) അമര്‍ച്ച ചെയ്തതും എല്ലാം കാട്ടാള സങ്കല്‍പ്പമാണ്. ആഴികൂട്ടി തുള്ളിച്ചാടുന്നതും ഇതുതന്നെ. എന്നാല്‍ ശരണംവിളി(ത്രിശരണം), സംഘം ചേരല്‍, ബ്രഹ്മചര്യം(വ്രതം)ഇവ ബുദ്ധമതത്തില്‍ നിന്നും ലഭിച്ചതുമാണ്. ശബരിമല യാത്ര ഒരു ഫാഷനാകും മുമ്പ് അവര്‍ണ്ണരായിരുന്നു അധികവും മലകയറിയിരുന്നത്. പിരിഞ്ഞുപോയ ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള ആസക്തിയില്‍ നിന്നാണ് ഈ യാത്ര ഉണ്ടായത്.

ഘോരവനമദ്ധ്യത്തില്‍ ആര്യബ്രാഹ്മണര്‍ ക്ഷേത്രനിര്‍മ്മാണം നടത്തിയെന്നത് അസംഭവ്യമായ ഒന്നാണ്. ശബരിമല അയ്യപ്പനെ ശാസ്താവാക്കി മാറ്റിമറിക്കുന്നതിനിടയിലാണ് കേരള മാഹാത്മ്യത്തിലെ നായകനായ പരശുരാമബന്ധവും, പന്തളം രാജകൊട്ടാരത്തിലെ രാജാവിന്‍റെ പിതൃസ്ഥാനവുമൊക്കെ കല്‍പ്പിച്ചുകൂട്ടിയത്. ത്രേതായുഗത്തില്‍ ജനിച്ചുവെന്ന് പറയുന്ന അയ്യപ്പന്‍ പന്തളം കൊട്ടാരവുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത്? ത്രേതായുഗത്തിലൊന്നും പന്തളം കൊട്ടാരമോ പന്തളം രാജാവോ ഇല്ലായിരുന്നു. വിഷ്ണു ഭാഗവതം, ദേവീഭാഗവതം, മത്സ്യപുരാണം, മാര്‍ക്കണ്ഡേയ പുരാണം തുടങ്ങിയ ഒരു പുരാണത്തിലും ഇല്ലാത്ത അയ്യപ്പനെ ബ്രാഹ്മണര്‍ പുണൂല്‍ ധരിപ്പിച്ചെടുത്തതും, ശിവ-വിഷ്ണു സംയോഗത്താല്‍ ഹരിഹരപുത്രനാക്കി ജനിപ്പിച്ചതും 19-ാം നൂറ്റാണ്ടില്‍ നടന്ന വെറും കെട്ടുകഥകളോ കടങ്കഥകളോ ആയിരുന്നു. അതുപോലെ പന്തളം രാജാക്കന്മാര്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ മറവന്മാരായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

ശബരിമലയിലും പൊന്നമ്പലമേടുവരെയുള്ള വനാന്തര്‍ഭാഗങ്ങളിലും മലയരയ വിഭാഗക്കാരാണ് പാര്‍ത്തിരുന്നത്. അതുകൊണ്ടാണ് അവരുടെ കുലദൈവമായി ശബരിമലയില്‍ അയ്യപ്പനെപ്രതിഷ്ഠിച്ച് മൂപ്പനെവെളിച്ചപ്പാടാക്കിയത്. ഇപ്പോഴും വനത്തിനോട് ചേര്‍ന്നുള്ള ആവാസകേന്ദ്രങ്ങളില്‍ മുഴുവന്‍ മലയരയന്മാരാണ് കുടില്‍ കെട്ടി താമസിക്കുന്നത്. ഇവര്‍ കാട്ടിലെ കടുവകളെ ഭയന്നാണ് കൂട്ടം കൂട്ടമായി(സംഘം ചേര്‍ന്ന്) അയ്യപ്പനെ ദര്‍ശിക്കാന്‍ എത്തിയിരുന്നതെന്നും. പിന്നെ കാലാന്തരത്തില്‍ ശബരിമല ക്ഷേത്രം നാട്ടില്‍ നിന്നെത്തിയ സവര്‍ണ്ണര്‍ കൈപ്പിടിയിലൊതുക്കുകയും മലയരയന്മാരെ പുറത്താക്കുകയും ചെയ്തു. ആചാരങ്ങളും അനുഷ്ടാനങ്ങളും എല്ലാം കാറ്റിൽ പരാതി ശബരിമലയുടെ യഥാർത്ഥ അവകാശികളെ അടിച്ചോടിച്ചവരാണ് ഇന്ന് അവകാശ സംരക്ഷണം എന്ന പേരിൽ അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്നതെന്ന് ഓർക്കണം

1094 വരെ പുല്ലുമേഞ്ഞ ചെറിയൊരു ക്ഷേത്രമായിരുന്നു ശബരിമലയില്‍ ഉണ്ടായിരുന്നത്. ആ കാലത്ത് ക്ഷേത്രം തീപിടിച്ചു മുഴുവനും വെന്തുവെണ്ണീറായി. കടുത്ത ഈശ്വരകോപംകൊണ്ടായിരുന്നുവെന്നാണ് അവരുടെ വിശ്വാസം. ആ കാലംവരേയ്ക്കും ക്ഷേത്രത്തില്‍ പുല്ലുമേയുന്നതും വിളക്കുവെച്ച് പൂജ നടത്തുന്നതും മലയരയന്മാരായിരുന്നു.

ശബരിമലക്ഷേത്രം സ്ഥിതിചെയ്യുന്നത് നാലുചുറ്റും വന്‍മലകളുള്ള അടിവാരത്തിലാണ്. പൊന്നമ്പലമേട് ഒരു ഭാഗം വെട്ടിത്താഴ്ത്തിയതുപോലുള്ള മലനിരകളുമാണ്. ആദിവാസികളില്‍പ്പെട്ട മലയരയര്‍ ധാരാളമുള്ള ഈ പ്രദേശത്ത് ശബരിമലക്ഷേത്രം നഷ്ടപ്പെട്ടതോടെ പൊന്നമ്പലമേട്ടില്‍ അവരുടെ കുലദൈവപൂജ നടത്തിപ്പോന്നിരുന്നു. പടര്‍ന്നുപന്തലിച്ച ഒരു മരുതിമരത്തിന്‍റെ ചുറ്റും ഒന്നരമീറ്റര്‍ പൊക്കത്തില്‍ ഉദ്ദേശം ഒരു സെന്‍റ് ഭൂമി വൃത്താകാരത്തില്‍ കാട്ടുകല്ലുകള്‍ പെറുക്കിവെച്ച് പൂജയ്ക്ക് ഒരുക്കിയിരിക്കുന്നതുകാണാം. എല്ലാവര്‍ഷവും മകരസംക്രമസന്ധ്യയില്‍ ആകാശത്ത് നക്ഷത്രം തെളിയുമ്പോള്‍ മലയരയന്മാര്‍ കോഴിവെട്ടി കുരുതി നടത്തി ഒരു കയ്യില്‍ തല മുറിച്ച കോഴിയും മറ്റേ കയ്യില്‍ ആളിക്കത്തുന്ന പന്തവുമായി വെളിച്ചപ്പാട് മരുതിമരത്തിന്‍റെ ചുറ്റും മൂന്നുപ്രാവശ്യം വലംവെയ്ക്കുന്നു. കത്തുന്ന പന്തം ശബരിമലയ്ക്ക് അഭിമുഖമായി വരുമ്പോള്‍ ‘മകരവിളക്കേ’ എന്നുച്ചത്തില്‍ വിളിച്ചുപറയുന്നത് പൊന്നമ്പലമേട്ടില്‍ കേള്‍ക്കാമായിരുന്നത്രെ. ഈ പൂജ പിന്നീട് കുലദൈവ പൂജ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും സഹായത്തോടെ നടത്തിവന്നിരുന്നു.