ശബരിമല: സര്‍വകക്ഷിയോഗം തുടങ്ങി

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച് നിര്‍ണായകമായ സര്‍വകക്ഷിയോഗം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുന്നത്. പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ചയും ഇന്ന് വൈകിട്ട് നടക്കും. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മൂന്നിനായിരിക്കും തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രത്യേകയോഗം.

തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിനാണിത്.സര്‍വ്വകക്ഷിയോഗത്തില്‍ പ്രതീക്ഷയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് നിലപാടില്‍ മാറ്റമില്ലെന്നും സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യോഗതീരുമാനം തൃപ്തികരമല്ലെങ്കില്‍ അയ്യപ്പകര്‍മസമിതി എടുക്കുന്ന തീരുമാനത്തിന് പിന്തുണ നല്‍കുമെന്ന് ശ്രീധരന്‍പിള്ള അറിയിച്ചു. പന്തളം കൊട്ടാരവും തന്ത്രികുടുംബവും പങ്കെടുക്കുമെന്ന് കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ പറഞ്ഞു.