റണ്‍വേയ്ക്ക് മിനുസം കൂടുതല്‍; ലാന്‍ഡിങ് സുരക്ഷിതമല്ലെന്ന് മുന്‍പേ മുന്നറിയിപ്പ്‌

കരിപ്പൂർ: രാജ്യാന്തര വിമാനത്താവളത്തിലെ ലാൻഡിങ് സുരക്ഷിതമല്ലെന്ന് ഒരുവർഷം മുൻപുതന്നെ മുന്നറിയിപ്പു ലഭിച്ചിരുന്നു എന്ന് സൂചന. റൺവേയുടെ മിനുസം കൂടുതലാണെന്നും മഴക്കാലത്ത് ലാൻഡിങ്ങിനിടെ അപകടസാധ്യതയുണ്ടെന്നും കഴിഞ്ഞ വർഷം ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് എയർപോർട്ട് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകി. ഇതിന്റെ തുടർച്ചയായി അറ്റകുറ്റപ്പണികൾ നടന്നെങ്കിലും അതു ഫലപ്രദമായില്ലെന്നാണ് ഇന്നലത്തെ അപകടത്തിൽ നിന്നു വ്യക്തമാകുന്നത്.

റൺവേയുടെ പ്രതലത്തിൽ റബറിന്റെ സാന്നിധ്യം കൂടുതലാണെന്നായിരുന്നു ഡിജിസിഎയുടെ കണ്ടെത്തൽ.
ടേബിൾ ടോപ് റൺവേ ആയതിനാൽ റൺവേയിലെ ഘർഷണത്തോത് മറ്റു വിമാനത്താവളങ്ങളേക്കാൾ കൂടുതലായി നിലനിർത്തണമെന്നായിരുന്നു അവരുടെ നിർദേശം. ഇതിനെത്തുടർന്ന് റബർ നീക്കം ചെയ്യാനുള്ള മെഷീനുകൾ വാങ്ങിയാണ് അറ്റകുറ്റപ്പണി നടത്തിയത്.

റൺവേയിൽ മഴവെള്ളം ഒഴുക്കിക്കളയാനുള്ള സംവിധാനങ്ങളിലും പോരായ്മകളുണ്ടായിരുന്നുവെന്നാണ് സൂചന. ചില ഭാഗങ്ങളിൽ അനുവദിനീയമായതിലും കൂടുതൽ ചെരിവുണ്ടായിരുന്നു. കാറ്റിന്റെ ഗതി അറിയാനുള്ള ഡിസ്റ്റന്റ് ഇൻഡിക്കേഷൻ വിൻഡ് എക്വിപ്മെന്റിന്റെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ലെന്നും ഡിജിസിഎ കണ്ടെത്തിയിരുന്നു.

2011 ൽ രാജ്യസഭയിൽ കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 11 വിമാനത്താവളങ്ങളുടെ അപകടാവസ്ഥ രേഖാമൂലം അറിയിച്ചിരുന്നു. മംഗളൂരു, ലേ, കുളു, ഷിംല, പോർട്‌ബ്ലയർ, അഗർത്തല, ജമ്മു, പട്‌ന, ലത്തൂർ എന്നിവയാണു സുരക്ഷാ ഭീതി നിലനിൽക്കുന്ന മറ്റു വിമാനത്താവളങ്ങൾ. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ ചില പ്രവർത്തനങ്ങൾ നടന്നെങ്കിലും പ്രധാന പ്രശ്നമായി ഉന്നയിച്ച റൺവേ വീതി കൂട്ടാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല.

വിമാന സർവീസുകളുടെ കാര്യത്തിൽ ക്രിട്ടിക്കൽ വിമാനത്താവളങ്ങൾ എന്ന വിഭാഗത്തിലാണ് കോഴിക്കോടിനെ ഉൾപ്പെടുത്തിയിരുന്നത്.

വിമാനത്താവളത്തിലെ സംവിധാനങ്ങൾ, സൗകര്യങ്ങൾ, നടപടിക്രമങ്ങൾ, ഭൂമിശാസ്‌ത്രം തുടങ്ങിയവ വിലയിരുത്തിയാണു റിപ്പോർട്ട് തയാറാക്കിയിരുന്നത്. ഫ്ലൈറ്റ് ഓപ്പറേഷൻ ഡയറക്‌ടറേറ്റ്, എയറോഡ്രോം സ്‌റ്റാൻഡേർഡ് ഡയറക്‌ടറേറ്റ് എന്നിവയിൽ നിന്നുള്ള വിദഗ്‌ധരാണു റിപ്പോർട്ട് തയാറാക്കിയ സംഘത്തിൽ ഉണ്ടായിരുന്നത്.