കുമ്മനത്തെ തിരികെ വിളിക്കണമെന്ന് ആര്‍.എസ്.എസ്; തീരുമാനം ഉടൻ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരം കൈകാര്യം ചെയ്യുന്നതിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പരാജയമാണെന്ന് ആർ.എസ്.എസിന്റെ വിലയിരുത്തൽ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം നേട്ടം കൊയ്യാമായിരുന്ന വിഷയം കുമ്മനം രാജശേഖരനെ ഏൽപ്പിക്കണമെന്നുമാണ് ആർ.എസ്.എസിന്റെ ആവശ്യം.

മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്ക് തിരിക കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തി. മിസോറാം തിരഞ്ഞെടുപ്പിന് ശേഷം കുമ്മനത്തെ കേരളത്തിലേക്ക് തിരികെ അയയ്ക്കണമെന്നാണ് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ് കുമ്മനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കിയത്.

ആറന്മുള സമരവും ശബരിമലയിൽ തന്നെ നേരത്തെയുണ്ടായ ചില പ്രശ്‌നങ്ങളിലും കുമ്മനം നടത്തിയ ക്രിയാത്മകമായ ഇടപെടലുകൾ ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്‌ക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ശബരിമല വിഷയം അനുകൂലമാകാൻ കുമ്മനത്തിന്റെ സാന്നിധ്യം കേരളത്തിൽ അനിവാര്യമാണെന്നാണ് ആർ.എസ്.എസ് നിലപാട്. നിലവിൽ പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കവും അധികാര പിടിവലികളും കുമ്മനത്തിന്റെ വരവോടെ ഇല്ലാതാകുമെന്ന വിലയിരുത്തൽ കേന്ദ്ര നേതൃത്വത്തിനുമുണ്ട്.

ഗവര്‍ണര്‍ ആയിരുന്ന ഒരാളെ തിരികെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന കീഴ്‌വഴക്കം ഉണ്ടായിട്ടില്ല. ഈ കാരണത്താലാണ് കേന്ദ്രനേതൃത്വം ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാതിരിക്കുന്നത്. നിലവിലെ സംസ്ഥാന നേതൃത്വത്തിനോട് ആര്‍.എസ്.എസിന് പ്രതിപത്തിയില്ല. ശബരിമല പ്രക്ഷോഭം പല വഴിക്കായി. മറ്റ് ജാതി സംഘടനകള്‍ക്ക്കൂടി സ്വീകാര്യനായ നേതൃത്വമില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കുമ്മനത്തിനെ തിരികെ എത്തിക്കാന്‍ ശ്രമിക്കുന്നത്.