ആര്‍എസ്എസ് ഉന്നത തലയോഗം തുടങ്ങി; ശബരിമലയും കേരളവും മുഖ്യ ചര്‍ച്ചാ വിഷയം

ഗ്വാളിയോര്‍: ആര്‍.എസ്.എസിന്റെ ഉന്നത തലയോഗം ആരംഭിച്ചു. നയരൂപീകരണ സമിതിയായ അഖില്‍ ഭാരതീയ പ്രതിനിധി സഭയുടെ വാര്‍ഷിക ഉന്നത തല യോഗം ഗ്വാളിയോറില്‍ ആരംഭിച്ചു. ശബരിമലയും കേരളവുമാണ് മുഖ്യ ചര്‍ച്ചാ വിഷയം. ശബരിമല വിഷയവും, കേരള സര്‍ക്കാറിനെതിരെ പ്രമേയം പാസ്സാക്കുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ചയുണ്ടാവില്ലെന്ന് സംഘ് നേരത്തെ അറിയിച്ചിരുന്നു

‘ശബരിമല വിഷയം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്റെ പേരില്‍ കേരള സര്‍ക്കാര്‍ ഹിന്ദു ഭക്തരുടെ നേരെ അതിക്രമം കാണിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമേയം പാസ്സാക്കും’- ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാവ് മന്‍മോഹന്‍ വൈദ്യ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിലെ കുടുംബ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുമെന്നും, ഭാരതീയ തത്വശാസ്ത്രം അനുസരിച്ചായിരിക്കും ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുക എന്നും മന്‍മോഹന്‍ പറഞ്ഞു.