ശബരിമല വിഷയം: യു.ഡി.എഫിൽ ഭിന്നത; ആര്‍.എസ്.പി ഇടത് നിലപാടിനൊപ്പം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ആര്‍എസ്പി. സുപ്രീംകോടതി വിധിക്കും ലിംഗനീതിക്കുമൊപ്പവുമാണെന്ന് ആര്‍എസ്പിയെന്ന് ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അഭിപ്രായപ്പെട്ടു. നടപടി വ്യക്തമാക്കിയതോടെ ശബരിമല വിഷയത്തില്‍ എന്‍ കെ പ്രേമചന്ദ്രന്റെ നിലപാട് പരസ്യമായി തള്ളിയിരിക്കുകയാണ് ആര്‍എസ്പി കേന്ദ്രനേതൃത്വം. ശബരിമല വിഷയം നിയമനിര്‍മ്മാണത്തിലൂടെ വേണമെന്ന എന്‍ കെ പ്രേമചന്ദ്രന്റെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ ദേശീയ നേതൃത്വം തയ്യാറായില്ല. മാത്രമല്ല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളെ പാര്‍ട്ടി പിന്തുണയ്ക്കുകയും ചെയ്തു. ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ നേട്ടം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടാകുമെന്നും ക്ഷിതി ഗോസ്വാമി വ്യക്തമാക്കി.

സുപ്രീംകോടതി വിധിക്കും ലിംഗനീതിക്കുമൊപ്പവുമാണ് ആര്‍എസ്പി. ആര്‍എസ്പിയുടെ കേരളത്തിലെ എംപിയായ എന്‍കെ പ്രേമചന്ദ്രനാകട്ടെ സുപ്രീംകോടതി വിധി മറികടക്കാനും ലിംഗനീതിയെ ഇല്ലാതാക്കാനും യുഡിഎഫ് നടത്തുന്ന ശ്രമങ്ങളുടെ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന ആവശ്യമാണ് എന്‍കെ പ്രേമചന്ദ്രന്‍ ഉന്നയിക്കുന്നത്. എന്നാല്‍ പ്രേമചന്ദ്രന്റെ ഈ നിലപാടിനെ ആര്‍എസ്പി ദേശീയ നേതൃത്വം തള്ളിക്കളഞ്ഞിരിക്കുന്നു. ശബരിമല വിഷയം ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം.

വിരമിച്ച ജഡ്ജുമാരുള്‍പ്പെടെ പങ്കെടുത്ത് ചര്‍ച്ച നടത്തുന്നതുള്‍പ്പെടെയുള്ള സാധ്യതകള്‍ പ്രശ്നപരിഹാരത്തിനായി തേടണമെന്നും നേതൃത്വം പറയുന്നു. ഈ നിലപാട് നിലനില്‍ക്കെയാണ് യുഡിഎഫിന്റെ രാഷ്ട്രീയ ചട്ടുകമായുള്ള എന്‍ കെ പ്രേമചന്ദ്രന്റെ പിന്തിരിപ്പന്‍ നിലപാടുകള്‍.