വലിയ തുക കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ 10,000 രൂപ പിഴ ഈടാക്കാൻ നീക്കം

ന്യൂഡല്‍ഹി: ഉയര്‍ന്ന തുകയുടെ കൈമാറ്റത്തില്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ 10,000 പിഴ ഈടാക്കും. സെപ്റ്റംബര്‍ ഒന്നുമുതല്‍ തീരുമാനം നടപ്പിലാകുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലേക്കായുള്ള നിയമ ഭേദഗതികള്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാറോ വീടോ വാങ്ങുക, വലിയ നിക്ഷേപങ്ങള്‍ നടത്തുക പോലുള്ള തുക കൈമാറ്റത്തിനിടെ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാലാണ് പിഴ ചുമത്തുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പിഴ ചുമത്തുന്നതിന് മുന്നോടിയായി വ്യക്തിയുടെ വിശദീകരണം കേള്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിന് പാന്‍ നമ്പര്‍ നിലവില്‍ നിര്‍ബന്ധമാണ്. എന്നാല്‍ പാന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഇതിന് പകരം ആധാര്‍ നമ്പര്‍ രേഖപ്പെടുത്താമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പാന്‍ നമ്പറിന് പകരം വേണമെങ്കില്‍ ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു.

ഇതുപ്രകാരം ഐടി ആക്ടിലെ 272ബി, 139എ എന്നീ വകുപ്പുകള്‍ കേന്ദ്രം ഭേദഗതി ചെയ്യും. നിലവില്‍ 120 കോടി ആളുകള്‍ക്ക് ആധാര്‍ നമ്പറുണ്ട്. എന്നാല്‍ പാന്‍കാര്‍ഡ് ഉള്ളവര്‍ 41 കോടി മാത്രമാണ്. ഇതില്‍ 22 കോടി ആളുകളുടെ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.