പോര്‍ട്ടുഗലിനായി ഇവിടെ ഹൃദയമിടിപ്പ് ഉയരുന്നു, തീരദേശ പള്ളിയില്‍ റൊണാള്‍ഡോയ്ക്ക് കൂട്ടപ്രാര്‍ത്ഥന

SOCHI, RUSSIA - JUNE 15: Cristiano Ronaldo of Portugal scores his team's third goal during the 2018 FIFA World Cup Russia group B match between Portugal and Spain at Fisht Stadium on June 15, 2018 in Sochi, Russia. (Photo by Stu Forster/Getty Images)

യേശുദാസ് വില്യം (എഡിറ്റര്‍, നോട്ടിക്കല്‍ ടൈംസ് കേരള)

കൊല്ലം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് അണിയുമെങ്കില്‍ അതിനുള്ള ക്രെഡിറ്റ് ശക്തികുളങ്ങരക്കാര്‍ക്കുള്ളതാണ്, ഒപ്പം ജോണ്‍ ബ്രിട്ടോ എന്ന പുണ്യവാളനും. കാരണം, പോര്‍ട്ടുഗലിന്റെ വിജയത്തിനായി മാത്രമല്ല, തങ്ങളുടെ ഇഷ്ടതാരമായ റൊണാള്‍ഡോയുടെ ഗോള്‍ വര്‍ഷത്തിനും വേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയാണ് ഇവിടത്തെ ജോണ്‍ ബ്രിട്ടോ പള്ളിയിലെ വിശ്വാസികള്‍.

ചെറുപ്പക്കാര്‍ റൊണോയുടെ ചിത്രങ്ങളും കട്ടൗട്ടുകളും പള്ളിക്കു ചുറ്റും ഉയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, റൊണാള്‍ഡോയ്ക്കുവേണ്ടി കുര്‍ബാന നേരുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ആദ്യ മത്സരത്തില്‍ സ്‌പെയിന് എതിരെ പോര്‍ട്ടുഗല്‍ നേടിയ മൂന്നുഗോളും റൊണാള്‍ഡോയുടെ വകയായിരുന്നു. അതു സമനിലയായി. രണ്ടാം മത്സരത്തില്‍ മൊറോക്കെയെ ഒരു ഗോളിനു തോല്‍പ്പിച്ചതും റൊണാള്‍ഡോയുടെ ബലത്തിലായിരുന്നു. നാലുഗോള്‍ നേടിയ ഒരു താരം ഈ കപ്പില്‍ ഇതുവരെയില്ല. മൂന്നാമത്തെ മത്സരം ജൂണ്‍ 25നാണ്-ഇറാനെതിരെ. അതില്‍ മൂന്നു ഗോളെങ്കിലും റൊണാള്‍ഡോ അടിക്കണേ എന്നാണ് ശക്തികളങ്ങരക്കാരുടെ പ്രാര്‍ത്ഥന.

നാട്ടുകാര്‍ക്ക് ജോണ്‍ ബ്രിട്ടോ പുണ്യവാളനെ വലിയ വിശ്വാസമാണ്. ഈ നാടിന്റെ മദ്ധ്യസ്ഥനാണ് വിശുദ്ധ ബ്രിട്ടോ. പോര്‍ച്ചുഗലിലെ രാജകുമാരനായിരുന്ന ജോണ്‍ ഡി ബ്രിട്ടോ ലിസ്ബണിലെ കൊട്ടാരം ഉപേക്ഷിച്ച് പ്രേഷിത വൃത്തിക്ക് ഇറങ്ങുകയായിരുന്നു. കടല്‍ മാര്‍ഗ്ഗം അദ്ദേഹം വന്നിറങ്ങിയത്. ആദ്യം ഗോവയിലെത്തിയ ജോണ്‍ ബ്രിട്ടോ പിന്നീട് കൊച്ചിയിലെത്തിയതായി ചരിത്രരേഖകള്‍ പറയുന്നു. ആദ്യം അദ്ദേഹം പ്രേഷിത പ്രവര്‍ത്തനം നടത്തിയത് തമിഴ്‌നാട്ടിലെ രാമനാഥപുരത്തുള്ള തീരപ്രദേശത്തെ അപരിഷ്‌കൃതരായ മറവന്മാരുടെയിടയിലാണ്. അവിടെ വച്ച് അദ്ദേഹം വധിക്കപ്പെട്ടു. അങ്ങനെ രക്തസാക്ഷിയായ ജോണ്‍ ബ്രിട്ടോ പിന്നിട് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
കേരളത്തില്‍ ശക്തികുളങ്ങരയില്‍ മാത്രമാണ് ജോണ്‍ ബ്രിട്ടോയുടെ പേരില്‍ ഒരു പള്ളിയുള്ളത്. പോര്‍ച്ചുഗലിന്റെ വീരപുത്രനെന്ന നിലയില്‍ പ്രാര്‍ത്ഥിക്കുന്ന നാട്ടുകാര്‍ക്ക് റൊണാള്‍ഡോയ്ക്കുവേണ്ടി ഇവിടെയല്ലാതെ മറ്റെവിടെ പ്രാര്‍ത്ഥിക്കാന്‍?