ട്വന്റി-20; കൂടുതൽ സിക്സ് എടുത്ത് ഹിറ്റ്മാൻ രോഹിത്, റൺസിൽ കേമൻ വിരാട് കോലി

ട്വന്റി-20 യില്‍ കൂടുതല്‍ സിക്‌സ് എന്ന നേട്ടം രോഹിത് ശര്‍മ സ്വന്തമാക്കി. ഞായറാഴ്ച മൂന്ന് സിക്‌സ് അടിച്ചതോടെ രോഹിതിന് 106 സിക്‌സുകളായി. വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ (105) റെക്കോഡാണ് മറികടന്നത്. 96 മത്സരങ്ങളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. എന്നാല്‍ യൂണിവേഴ്‌സല്‍ ബോസ് എന്നറിയപ്പെടുന്ന ഗെയ്ല്‍ 58 മത്സരങ്ങളില്‍ നിന്നാണ് 105 സിക്‌സ് സ്വന്തമാക്കിയത്.

76 മത്സരങ്ങളില്‍ 103 സിക്‌സുകള്‍ നേടിയിട്ടുള്ള ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മൂന്നാമത്. 92 സിക്‌സുമായി കിവീസിന്റെ തന്നെ കോളിന്‍ മണ്‍റോ നാലാമതുണ്ട്. മുന്‍ കിവീസ് താരം ബ്രണ്ടന്‍ മക്കല്ലമാണ് അഞ്ചാമത്. ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ റൺസും രോഹിത് ശർമയുടെ പേരിലാണ് (2422). വിരാട് കോലിയാണ് രണ്ടാമത് (2310).

ഇതേ മത്സരത്തോെട, ഐ.പി.എൽ. ഉൾപ്പെടെ ട്വന്റി 20 മത്സരങ്ങളിൽ കൂടുതൽ റൺസ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ പേരിലായി. ഞായറാഴ്ച 28 റൺസ് നേടിയതോടെ വിരാട് കോലിക്ക് ട്വന്റി 20 യിൽ 8416 റൺസായി. 8392 റൺസ് എടുത്ത സുരേഷ് റെയ്‌നയെ മറികടന്നു.