ഇങ്ങനെ പോയാൽ നമ്മൾ തീച്ചൂളയിലേക്കോ? രാജ്യത്ത് തീവ്രമായ ഉഷ്ണതരംഗത്തിന് സാധ്യത

നമ്മള്‍ ഇന്ത്യക്കാര്‍ ഉരുകിയൊലിക്കാന്‍ പോകുകയാണ്. അടുത്തവര്‍ഷത്തോടെ രാജ്യത്ത് കടുത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്നാണ് ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജി നടത്തിയ പഠനത്തിലാണ് ചൂട് ഇനിയും കൂടുമെന്ന് കണ്ടെത്തിയത്. എല്‍ നിനോ പ്രതിഭാസമാണ് ഉഷ്ണതരംഗത്തിന് കാരണം.

മഴ കിട്ടാതെ മണ്ണിന്റെ നനവില്‍ ഉണ്ടായ കുറവും ഭൂമിയില്‍നിന്നും അന്തരീക്ഷത്തിലേക്ക് ചൂട് പ്രവഹിക്കുന്നതും മറ്റൊരു കാരണമാണ്. 2020 മുതല്‍ 2064 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ തെക്കന്‍ മേഖലകളിലും തീരപ്രദേശങ്ങളിലും ചൂട് ക്രമാതീതമായി വര്‍ധിക്കും. ഇതിന്റെ ഫലമായി നിരവധി രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
1961-2005 കാലയളവില്‍ 58 ഉഷ്ണതരംഗങ്ങളാണ് ഉണ്ടായത്. എന്നാല്‍ 2020-2064ല്‍ ഇത് 138 ആയി വര്‍ധിക്കുമെന്നാണ് സൂചന. എല്‍ നിനോ പ്രതിഭാസം ഇന്ത്യന്‍ സമുദ്രത്തെ ബാധിക്കുന്നത് എങ്ങനെയാണെന്നതിനെകുറിച്ച് നേരത്തെ തന്നെ പഠനങ്ങള്‍ നടത്തിയിരുന്നു.

ഉഷ്ണതരംഗത്തിന്റെ ആവൃത്തിയും വ്യാപ്തിയും വരും വര്‍ഷങ്ങളിലും വര്‍ധിക്കും. എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി പസഫിക് സമുദ്രത്തിലുണ്ടാകുന്ന ചൂടുമൂലം ഇന്ത്യയില്‍ തീവ്രമായ ഉഷ്ണതരംഗം ഉണ്ടാകും. വരണ്ട കാലാവസ്ഥക്ക് അവസരം ഒരുക്കുന്ന എൽനിനോയുടെ പുതിയ രൂപമായ എൽനിനോ മോഡോക്കി എന്ന വിളിക്കുന്ന പ്രതിഭാസമാണ് ഇന്ത്യയുടെ അന്തരീക്ഷത്തില്‍ നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത ചൂട് കാറ്റുണ്ടാകുവാന്‍ ഇടയുണ്ടാക്കുന്നത്.

ഇത്തവണ രാജ്യത്ത് പലയിടങ്ങളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂട് വര്‍ധിച്ചത് ആശങ്കയ്ക്ക് ഇടയാക്കി. കേരളത്തില്‍ ഇത്തവണ ചൂട് വളരെ കൂടുതലാണ്. എന്നാല്‍, വരും വര്‍ഷങ്ങളിലും ചൂട് കൂടുമെന്ന മുന്നറിയിപ്പ് ഞെട്ടിപ്പിക്കുന്നതാണ്. ചൂടുകൂടിയാല്‍ സൂര്യാഘാതവും സൂര്യാതപവുമെല്ലാം ഉണ്ടാകും. വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടാകും. കൃഷി നാശമുണ്ടാകും. നാം പട്ടിണി കിടക്കേണ്ടി വരും. വല്ലാത്ത കാലമാണല്ലോ വരുന്നതെന്ന വിചാരത്തോടെ കരുതിയിരിക്കുക.