മദ്യലഹരിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയുടെ അഴിഞ്ഞാട്ടം; പാര്‍ക്ക് ചെയ്തിരുന്ന വാഹനമിടിച്ച് തകര്‍ത്തു, ഓടിക്കൂടിയ നാട്ടുകാര്‍ക്ക് നേരെ തെറിവിളി

തിരുവനന്തപുരം: മദ്യപിച്ച് ലക്ക് കെട്ട് റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ അഴിഞ്ഞാട്ടം. മദ്യലഹരിയില്‍ കാറില്‍ അമിത വേഗതയിലെത്തിയ റിട്ടയേര്‍ഡ് എസ്‌ഐ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാര്‍ ഇടിച്ച് തകര്‍ത്തു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് നേരെ അസഭ്യവര്‍ഷവും. ജില്ലാ ക്രൈം ബ്യൂറോയിലെ റിട്ടയേര്‍ഡ് എസ്‌ഐ എ റഹീമാണ് മദ്യലഹരിയില്‍ അപകടമുണ്ടാക്കിയത്

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ചെമ്പഴന്തി ജംഗ്ഷന് സമീപത്തെ വളവിലായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് ചെമ്പഴന്തിയിലെ ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കുടുംബം വന്ന കാറാണ് തര്‍ത്തത്. അപകടത്തില്‍ ഇവരുടെ കാറിന്റെ പിന്‍ വശം ഭാഗികമായി തകര്‍ന്നു.ഓടികൂടിയ നാട്ടുകാരെ എ. റഹീം കാറിലിരുന്ന് ചീത്തവിളിച്ചു. തര്‍ക്കം പരിഹരിക്കാന്‍ കാറിനടുത്തെത്തിയ നാട്ടുകാരില്‍ ചിലരെ ഇയാള്‍ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. എസ്.ഐ ആണെന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉയര്‍ത്തികാട്ടി പൊലീസിനെ വിളിക്കാന്‍ നാട്ടുകാരെ വെല്ലുവിളിച്ചു.

കഴക്കൂട്ടം പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇയാള്‍ റിട്ടയേര്‍ഡ് എസ്.ഐ ആണെന്ന് മനസിലായത്. പരിശോധനയില്‍ എസ്.ഐയുടെ വാഹനത്തില്‍ നിരവധി മദ്യക്കുപ്പികള്‍ കണ്ടെത്തി. കഴക്കൂട്ടം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.