പാലക്കാട് പുതിയ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് നിര്‍മ്മാണോദ്ഘാടനം

തിരുവനന്തപുരം: പാലക്കാട് പുതുപരിയരത്ത് സ്ഥാപിക്കുന്ന റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിന്റെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
ആദിവാസികള്‍ ഏറെയുള്ള പാലക്കാട് പോലെയുള്ള സ്ഥലത്ത് പബ്ലിക് ഹെല്‍ത്ത് ലാബ് വരുന്നത് സ്വകാര്യ മേഖലയെ മാത്രം ആശ്രയിക്കുന്ന
ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്തെ പത്താമത്തെ പബ്ലിക് ഹെല്‍ത്ത് ലാബാണ് പാലക്കാട്
സ്ഥാപിക്കുന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷം സ്ഥാപിക്കുന്ന നാലാമത്തെ പബ്ലിക് ഹെല്‍ത്ത് ലാബാണിത്. പത്തനംതിട്ട, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ്
നേരത്തെ പബ്ലിക് ലാബ് സ്ഥാപിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2 കോടി രൂപയാണ് ഈ ലാബിനായി വകയിരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

ഒ.പി., ഐ.പി. ബാധകമല്ലാതെ ഡോക്ടറുടെ കുറുപ്പടിയോട് കൂടി ഏതൊരാള്‍ക്കും പബ്ലിക് ഹെല്‍ത്ത് ലാബിന്റെ സേവനം ലഭ്യമാണ്.
ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് എല്ലാവിധ പരിശോധനകളും സൗജന്യമായാണ് ചെയ്ത് കൊടുക്കുന്നത്. എ.പി.എല്‍. വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുള്ള നിശ്ചിത ഫീസ് മാത്രമേ ഈടാക്കുകയുള്ളൂ.

ക്ലിനിക്കല്‍ പത്തോളജി, ബയോകെമിസ്ട്രി, സീറോളജി എന്നീ വിഭാഗങ്ങളില്‍പ്പെട്ട പരിശോധനകള്‍
തുടക്കത്തില്‍ തന്നെ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് സൈറ്റോളജി, ഹിസ്റ്റോ പത്തോളജി, കോവിഡ് പരിശോധന എന്നിവയും ആരംഭിക്കാന്‍ സാധിക്കുന്നതാണ്.
ഡോക്ടര്‍മാര്‍, സയന്റിഫിക് ഓഫീസര്‍മാര്‍. ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവരങ്ങുന്ന സംഘമാണ് ലാബിന് നേതൃത്വം നല്‍കുന്നത്.

കോവിഡ് പ്രതിരോധത്തിന് ഹോമുകള്‍ക്ക് പരിശീലനം

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പാശ്ചാത്തലത്തില്‍ ഡേ കെയര്‍ സെന്ററുകള്‍, വിവിധ ഹോമുകള്‍, വയോജന മന്ദിരങ്ങള്‍
എന്നിവയുടെ സംരക്ഷണത്തിന്റെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ
സ്ഥാപനങ്ങള്‍ക്കാണ് ആദ്യഘട്ടമായി ഓണ്‍ലൈന്‍ വഴി പരിശീലനം നല്‍കിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പരിശീലന പരിപാടി
അഭിസംബോധന ചെയ്ത്.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് പങ്കെടുത്തു.

മൂന്നു സെഷനുകളായാണ് ആദ്യ ഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചത്. കോവിഡ്
പാശ്ചാത്തലത്തില്‍ ഓരോ സ്ഥാപനങ്ങളും സ്വീകരിക്കേണ്ടതായ പൊതുവായ നടപടികള്‍ എന്തൊക്കെയാണെന്നും ജീവനക്കാരും സ്ഥാപനങ്ങളില്‍ കഴിയുന്നവരും
പാലിക്കേണ്ടതായ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നും ക്ലാസുകളിലൂടെ ചര്‍ച്ച ചെയ്തു. മാത്രമല്ല കോവിഡുമായി ബന്ധപ്പെട്ട പൊതുവിവരങ്ങള്‍ ക്ലാസുകളിലൂടെ
ജീവനക്കാര്‍ക്ക് നല്‍കാനും സാധിച്ചു.

400 ഓളം സ്ഥാപനങ്ങളും പ്രതിനിധികളുമാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. വിദഗ്ധര്‍ ക്ലാസുകള്‍ക്ക് നേതൃത്വം
നല്‍കി. ജീവനക്കാരുടെ സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ മറുപടി നല്‍കി. പങ്കെടുക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക് പരിശീലനത്തിനായി തുടര്‍ന്നും അവസരമുണ്ടായിരിക്കും. തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന ഈ ഓണ്‍ലൈന്‍ പരിശീലന പരിപാടിയില്‍ ജീവനക്കാര്‍
പരമാവധി പങ്കെടുക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.