കേരളത്തില്‍ റെക്കാഡ് രോഗികള്‍, 211 പേര്‍, സമ്പര്‍ക്കരോഗികളിലും റെക്കാഡ്-27

തിരുവനന്തപുരം: കേരളത്തില്‍ റെക്കാഡ് കൊവിഡ് രോഗികള്‍. 211 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 201 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 138 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 39 പേര്‍. സമ്പര്‍ക്കം 27. സിഐഎസ്എഫ് 6. എയര്‍ക്രൂ 1. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് കണക്കുകള്‍ പുറത്തുവിട്ടത്.

രോഗം ബാധിച്ചവരുടെ എണ്ണം 200 കടന്നിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിരിക്കുന്നു. ഇന്ന് സ്ഥിരീകരിച്ചവരില്‍ സെക്രട്ടറിയറ്റിനു പുറത്ത് ഉള്‍പ്പെടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ട്.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍കോട് 7, പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12.

കഴിഞ്ഞ 24 മണിക്കൂറിനകം 7306 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4964 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2098 പേരാണ്. 1,77,011 പേരാണ് നിരീക്ഷണത്തിലുള്ളത്. 2894 പേര്‍ ആശുപത്രികളിലാണ്. ഇന്നു 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,91,773 സാമ്പിളുകള്‍ ശേഖരിച്ച് പരിശോനക്ക് അയച്ചു. 4834 സാമ്പിളുകളുടെ റിസള്‍ട്ട് വരാനുണ്ട്.

ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 53,922 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 51,840 നെഗറ്റീവായിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 2,53,011 പേര്‍ക്കാണ് റുട്ടീന്‍, സെന്റിനല്‍, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ് എന്നീ ടെസ്റ്റുകള്‍ നടത്തിയത്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 130.
രോഗവ്യാപനത്തിന്റെ തോത് വലുതാവുകയാണ്. ഒരു ദിവസം 200 കടന്നത് ആദ്യമാണ്. 14 ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചു. നേരത്തേയുള്ളതില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതല്‍ വേണ്ടതുണ്ട് എന്നാണ് ഈ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. എല്ലാവരും ഒത്തൊരുമിച്ച് പോരാടുകയാണ്. അതിന്റെ ഫലമായാണ്, ലോകത്തിനു തന്നെ മാതൃകയാകും വിധം ഇതുവരെ നമുക്ക് ഈ മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചത്.