കർണാടക; ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച; രാജി പിൻവലിക്കാൻ തയ്യാറാണെന്ന് വിമത എം എൽ എ

ബെംഗ്‌ളൂരു: കർണാടകം പ്രതിസന്ധി തുടരുന്നതിനിടെ രാജി പിന്‍വലിക്കാനൊരുങ്ങി വിമത കോണ്‍ഗ്രസ് എം.എല്‍.എ എം.ടി.ബി നാഗരാജ്. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും നാഗരാജുമായി നടത്തിയ ചർച്ചയിലാണ് രാജി പിന്‍വലിക്കാന്‍ ധാരണയായത്.

ഡി.കെ.ശിവകുമാറും മറ്റു നേതാക്കളും തന്നെ വന്ന് കണ്ടുവെന്നും അവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് രാജികാര്യം പുനപരിശോധിക്കാന്‍ തീരുമാനിച്ചതെന്ന് നാഗരാജ് മാധ്യമങ്ങളോട് പറഞ്ഞു.

അന്തിമതീരുമാനം അറിയിക്കാന്‍ സമയം വേണമെന്നും സിദ്ധരാമയ്യയെ കണ്ടതിനു ശേഷം രാജിതീരുമാനം അറിയിക്കാമെന്നുമാണ് നാഗരാജ് പറഞ്ഞത്. മറ്റ് വിമത എംഎല്‍എമാരെ അനുനയിപ്പിക്കാം എന്ന് നാഗരാജ് ഉറപ്പ് നല്‍കിയതായും ഡി കെ ശിവകുമാര്‍ അറിയിച്ചു.

എന്നാല്‍ ഒരു കുടുംബമാകുമ്പോള്‍ അതില്‍ പ്രശ്നങ്ങളുണ്ടാകുമെന്നും 40 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുപോരുന്നവരാണ് നമ്മളെന്നും എല്ലാം മറന്ന് നമ്മള്‍ മുന്നോട്ടുപോകണമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

അതേസമയം, വിമത എംഎല്‍എമാരെ ഭീഷണിപ്പെടുത്തി തിരികെക്കൊണ്ടുവരാനാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ആരോപിച്ചു.

നേരത്തെ എം.എല്‍.എ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പുനപരിശോധിച്ചേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയും പറഞ്ഞിരുന്നു.