രാജ്യാന്തര മധ്യസ്ഥതയിൽ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാർ, വേണ്ടത് സമാധാനം- ഇമ്രാൻ ഖാൻ

ബിക്‌ഷെക്: ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന്‌ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മോദിയുമായി ചർച്ചയ്ക്കു തയ്യാറെന്ന് ഇമ്രാൻ ബിഷ്ക്കെക്കിൽ വിശദമാക്കി. രാജ്യാന്തര മധ്യസ്ഥതയ്ക്ക് പാകിസ്ഥാന് സമ്മതമെന്നും ഇമ്രാൻ ഖാന്‍ വിശദമാക്കി. രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം ഉച്ചകോടിയോട് അനുബന്ധിച്ച്‌ മോദിയും ഇമ്രാന്‍ ഖാനുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ഇന്നലെ കിർഗിസ്ഥാൻ പ്രസിഡന്റ് നൽകിയ അത്താഴ വിരുന്നിൽ ഇരുനേതാക്കളും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. ഉച്ചകോടിക്കിടെ കിർഗിസ്ഥാൻ പ്രസിഡന്‍റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നൽകിയ വിരുന്നിലാണ് ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍ ഇരുനേതാക്കളും സംസാരിച്ചില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചർച്ചയില്ലെന്ന് നരേന്ദ്ര മോദി അറിയിച്ചു. 40മിനിറ്റ് കൂടിക്കാഴ്ചയിൽ ഭീകരവാദം ചർച്ചയായി. ഇന്നലെ അനന്ത്നാഗിൽ നടന്ന ആക്രമണം പോലും ഭീകരവാദികൾക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നതായി മോദി വ്യക്തമാക്കി. പാകിസ്ഥാനുമായി ചർച്ചയ്ക്ക് ഇപ്പോൾ അന്തരീക്ഷമില്ലെന്നും മോദി ചൈനീസ് പ്രസിഡന്‍റിനെ അറിയിച്ചിരുന്നു.