നാല് വര്‍ഷത്തിനിടെ ആദ്യമായി റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി ആര്‍.ബി.ഐ

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി.

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനമാണ് വര്‍ധനവരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 6.25ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനവുമാകും. സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തിലും എസ്എല്‍ആര്‍ 19.5 ശതമാനത്തിലും തുടരും.

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്.

ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ വായ്പ പലിശ നിരക്കുകള്‍ വര്‍ധിക്കും. നാലര വര്‍ഷത്തിനിടെ ഇതാദ്യമായാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്.

അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു.

ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏപ്രിലില്‍ 4.58 ശതമാനമായി ഉയര്‍ന്നിരുന്നു. ഭാവിയിലും ഇത് കൂടാനുള്ള സാധ്യത യോഗം വിലിയിരുത്തി. ഫെബ്രുവരിയില്‍ 4.44 ശതമാനമായിരുന്നു പണപ്പെരുപ്പം.

പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം താഴ്ത്താന്‍ ഇതുവരെ കഴിയാത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനമൂലം തല്‍ക്കാലം അതിന് കഴിയില്ലെന്നുതന്നെയാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.