ശബരിമല: ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുന്നില്ലെന്ന് കേന്ദ്ര നിയമ മന്ത്രി

ഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതികരിക്കാതെ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ശബരിമല വിഷയത്തിലെ കാര്യങ്ങള്‍ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിധിയിൽ പ്രതിഷേധിച്ചു പത്തനംതിട്ടയിൽ എൻഎസ്എസിന്റെ പടുകൂറ്റൻ പ്രകടനം നടന്നു. പതിനായിരങ്ങൾ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ വഴിതടയൽ സമരം നടത്തുകയാണ്.

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയത്. ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയില്ലെന്നും കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.