റാണ ദഗുപതിയുടെ മാര്‍ത്താണ്ഡ വര്‍മ്മയ്ക്കായി അവതാറിന് വിഷ്വല്‍ ഇഫക്ട് ഒരുക്കിയ ചക് കോമിസ്‌കിയും

കെ. മധുവിന്റെ ‘അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ദ കിങ് ഓഫ് ട്രാവന്‍കൂര്‍’ എന്ന ബൃഹത് ചിത്രത്തിന് ദൃശ്യസങ്കേത വിരുന്നൊരുക്കാന്‍ അവതാറിന് വിഷ്വല്‍ ഇഫക്ട് ഒരുക്കിയ ചക് കോമിസ്‌കി എത്തുന്നു. സീനിയര്‍ സംവിധായകന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘മാര്‍ത്താണ്ഡവര്‍മ്മ ‘യുടെ വിഷ്വല്‍ ഇഫക്ട് ടീമിന് നേതൃത്വം നല്‍കുക സാക്ഷാല്‍ ചക് കോമിസ്‌കിയാകും. അവതാറിനും നിരവധി ജാക്കിച്ചാന്‍ ചിത്രങ്ങള്‍ക്കും ചക് കോമിസ്‌കി വിഷ്വല്‍ ഇഫക്ട്‌സ് നല്‍കിയിട്ടുണ്ട്.

ഷാരൂഖ് ഖാന്റെ ഡോണ്‍ 2 വില്‍ ചക് കോമിസ്‌കി ഭാഗികമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ത്രീ ഡി വിഷ്വല്‍ ഇഫക്റ്റ് സ്പെഷലിസ്റ്റായും വി. എഫ്. എക്സ്. സൂപ്പര്‍ വൈസറായും ലോക പ്രശസ്തി നേടിയ ചക് കോമിസ്‌കിയെ ഇന്ത്യയില്‍ എത്തിക്കുന്നത് പ്രശസ്ത 3 ഡി അനിമേറ്ററും വി.എഫ്.എക്സ് വിദഗ്ധനായ ഫോളിയോ സ്റ്റുഡിയോ സാരഥി ജീമോന്‍ പുല്ലേലിയാണ്. ഇവര്‍ സംയുക്തമായാണ് മാര്‍ത്താണ്ഡ വര്‍മ്മയില്‍ ദൃശ്യ വിസ്മയങ്ങള്‍ ഒരുക്കുക.

അതുല്യ പ്രതിഭകള്‍ ഒന്നിക്കുന്ന ചിത്രത്തില്‍ റാണ ദഗുപതി മാര്‍ത്താണ്ഡവര്‍മ്മയാകുമ്പോള്‍ വിവിധ ഇന്ത്യന്‍ ഭാഷാകളിലെ അഭിനേതാക്കളും അണിനിരക്കുന്നുണ്ട്. നാലുഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്. റോബിന്‍ തിരുമല തിരക്കഥ ഒരുക്കിയ ചിത്രം രണ്ട് ഭാഗങ്ങളിലായി സ്‌ക്രീനിലെത്തും. ‘ധര്‍മ്മരാജയാണ്’എന്നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര്. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും, കീരവാണി സംഗീതവും, പീറ്റര്‍ ഹെയ്ന്‍ ആക്ഷനും, ശ്രീകര്‍ പ്രസാദ് എഡിറ്റങ്ങും, ആര്‍.മധു ക്യാമറയും കൈകാര്യം ചെയ്യുന്നു.