പർദ്ദ ധരിച്ചെത്തുന്നവർ വോട്ട് ചെയ്യരുതെന്ന പ്രസ്താവനയിൽ സി.പി.എം മാപ്പ് പറയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പർദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സി.പി.എം. നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദുരുദ്ദേശപരവും അപലപനീയവുമാണ് പ്രസ്താവന എന്ന ചെന്നിത്തല പറഞ്ഞു.

ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെട്ടതാണ്. അതില്‍ ആര്‍ക്കും ഇടപെടാനുള്ള അവകാശമില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ എല്‍.ഡി.എഫിനെ പൂര്‍ണ്ണമായും കൈവിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

തോല്‍വി മുന്നില്‍ക്കണ്ട് സി.പി.എം. നേതാക്കളുടെ സമനില തെറ്റിയിരിക്കുന്നു. സംഘ്പരിവാര്‍ ശക്തികളുടെ ഭാഷയിലാണ് സി.പി.എമ്മിലെ പല നേതാക്കളും ഇപ്പോള്‍ സംസാരിക്കുന്നതെന്നും സി.പി.എം. നേതാക്കള്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുകയാണു വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.